ലോക്സഭയിൽ ഒരൊറ്റ ചോദ്യം പോലും ചോദിക്കാതെ ശത്രുഘ്നൻ സിൻഹ, ചർച്ചകളിൽ പങ്കാളിയാവാത്തതിൽ കൂട്ട് സണ്ണി ഡിയോൾ

ന്യൂഡൽഹി: ലോക്സഭയിൽ എത്താനും ചർച്ചകളിൽ പങ്കാളികളാവാനും ചോദ്യങ്ങൾ ഉന്നയിക്കാനും മടിക്കുന്ന സെലിബ്രിറ്റി എം.പിമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ഒരൊറ്റ ചോദ്യം പോലും ചോദിക്കാത്ത ഏക എം.പിയായി ബോളിവുഡ് നടൻ ശത്രുഘ്നൻ സിൻഹ. സഭയിൽ നടന്ന ഒരൊറ്റ ചർച്ചയിലും പങ്കാളിയാവാത്ത ശത്രുഘ്നൻ സിൻഹക്കൊപ്പം മറ്റൊരു ബോളിവുഡ് താരം സണ്ണി ഡിയോളുമുണ്ട്. നാല് ചോദ്യങ്ങളാണ് സണ്ണി ഡിയോൾ സഭയിൽ ഉന്നയിച്ചത്. 17 ശതമാനം സമ്മേളനങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം. ‘ഇന്ത്യ ​സ്​പെൻഡ്’ നടത്തിയ വിശകലനത്തിലാണ് സെലിബ്രിറ്റികളുടെ മോശം പങ്കാളിത്തം വ്യക്തമായത്. ഒഡിയ നടൻ അനുഭവ് മൊഹന്ദിയാണ് ഏറ്റവും കൂടുതൽ ചർച്ചകളിൽ പ​ങ്കെടുത്ത സെലിബ്രിറ്റി. തൊട്ടുപിന്നിൽ ഭോജ്പുരി നടൻ രവി കിഷൻ ആണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ പങ്കാളിയായത് നാലെണ്ണത്തിൽ മാത്രമാണ്.

സെലിബ്രിറ്റികളുടെ സഭ സമ്മേളനങ്ങളിലെ ശരാശരി പങ്കാളിത്തം 56.7 ശതമാനം മാത്രമാണ്. ബംഗാളി നടൻ ദീപക് അധികാരിയാണ് ഏറ്റവും കുറച്ച് സമ്മേളനങ്ങളിൽ പങ്കാളിയായത് -12 ശതമാനം. സണ്ണി ഡിയോൾ (17), ബംഗാളി നടിയും ഗായികയുമായ മിമി ചക്രവർത്തി (21) മറ്റൊരു ബംഗാളി നടി നുസ്രത്ത് ജഹാൻ റൂഹി (39), ഗായകൻ ഹൻസ് രാജ് (39), ബോളിവുഡ് നടിമാരായ കിരൺ ഖേർ (47), ഹേമ മാലിനി (50), മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ (61) ശത്രുഘ്നൻ സിൻഹ (63), സുമലത അംബരീഷ് (64) എന്നിങ്ങനെയാണ് മറ്റു സെലിബ്രിറ്റികളുടെ ഹാജർനില.

90 ശതമാനം ഹാജരുള്ള ഭോജ്പുരി നടൻ ദിനേശ് ലാൽ യാദവാണ് മുമ്പിൽ. ബംഗാളി നടി ലോക്കറ്റ് ചാറ്റർജി 88 ശതമാനം സിറ്റിങ്ങുകൾ​ക്കും എത്തി. ഭോജ്പുരി നടൻ മനോജ് തിവാരി (85 ശതമാനം), ഒളിമ്പിക്സ് ഷൂട്ടിങ് മെഡൽ ജേതാവായിരുന്നു രാജ്യവർധൻ സിങ് റാത്തോർ (80) എന്നിവരാണ് ദേശീയ ശരാശരിക്ക് മുകളിൽ ഹാജരുള്ളവർ.

സിനിമ താരങ്ങളും കായിക താരങ്ങളും ഗായകരുമെല്ലാം അടങ്ങിയ 19 സെലിബ്രിറ്റികളുടെ കണക്കാണ് പരിശോധിച്ചത്. ഇതിൽ 10 പേർ ബി.ജെ.പിക്കാരാണെങ്കിൽ അഞ്ചുപേർ തൃണമൂൽ കോൺഗ്രസുകാരാണ്. പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് പ്രകാരം 274 സിറ്റിങ്ങാണ് ഈ ലോക്സഭ കാലാവധിയിൽ നടന്നത്. 

Tags:    
News Summary - Shatrughan Sinha did not ask a single question in Lok Sabha, Sunny Deol not participated in discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.