സുബ്രഹ്മണ്യന്‍ സ്വാമി വിളിച്ചു, മന്നാര്‍ഗുഡി മാഫിയ

ചെന്നൈ: ജയലളിതയുടെ മറവില്‍ തമിഴകം ഭരിച്ച ശശികലയെയും കുടുംബത്തെയും ബി.ജെ.പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് മന്നാര്‍ഗുഡി മാഫിയ എന്ന് ആദ്യം വിളിക്കുന്നത്. ശശികല മുഖ്യമന്ത്രിപദവിയിലേക്കു കടന്നുവരുന്നതിന് കരുക്കള്‍ നീക്കിയത് ഭര്‍ത്താവ് നടരാജന്‍ ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയയാണ്. എതിര്‍പ്പുയര്‍ത്താന്‍ സാധ്യതയുള്ള നേതാക്കളെപോലും വരുതിയില്‍ നിര്‍ത്തി മുഖ്യമന്ത്രിപദവിയിലേക്ക് ശശികലയെ എത്തിക്കുന്നതിന് രാഷ്ട്രീയത്തിലെ പിന്നാമ്പുറ കളികള്‍ക്ക് നിപുണനായ നടരാജനാണ് മുന്നിട്ടിറങ്ങിയത്.

ജയലളിത മാറ്റിനിര്‍ത്തിയിരുന്ന നടരാജന്‍, അവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സമീപം നിലയുറപ്പിച്ചിരുന്നു. ജെല്ലിക്കെട്ട്, അന്തര്‍സംസ്ഥാന ജലതര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ അനുകൂല തീരുമാനങ്ങളിലൂടെ പന്നീര്‍ശെല്‍വത്തിന് ജനകീയ പിന്തുണ വര്‍ധിക്കുന്നത് അധികാര കൈമാറ്റത്തിന് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേസുകളുടെ ഭീഷണിയുണ്ടെങ്കിലും സമയം നീട്ടിക്കൊണ്ടുപോകേണ്ടെന്ന തീരുമാനത്തിലത്തെിയത്. ജയയുടേതില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പന്നീര്‍ശെല്‍വത്തിന്‍െറ പ്രവര്‍ത്തനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുകയാണ് എന്ന ഭീഷണിയും മുന്‍കൂട്ടി കണ്ടു. അണ്ണാ ഡി.എം.കെയിലെ താഴെ തട്ടിലുള്ള ഭൂരിഭാഗം പ്രവര്‍ത്തകരും ജയയോട് സാദൃശ്യമുള്ള ദീപയെ അനുകൂലിക്കുന്നവരാണ്.മന്നാര്‍ഗുഡി ഗ്രാമത്തിലേക്ക് കുടിയേറിയ ശശികലയുടെ ജീവിതം നാടകീയതകള്‍ നിറഞ്ഞതാണ്. എം.ജി.ആറിന്‍െറ കാലത്ത് സര്‍ക്കാര്‍ പി.ആര്‍.ഒ ആയിരുന്ന എം. നടരാജന്‍ എന്ന ഡി.എംകെ പ്രവര്‍ത്തകനെ വിവാഹം കഴിച്ച് ജീവിതപ്രാരബ്ധങ്ങളുമായാണ് ശശികല ചെന്നൈയിലത്തെിയത്. 

ജയയുടെ വിശ്വസ്ത മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയും വെല്ലൂര്‍ കലക്ടറുമായിരുന്ന ചന്ദ്രലേഖയെ സ്വാധീനിച്ച് നടരാജന്‍, ശശികലയെ ജയക്ക് പരിചയപ്പെടുത്തി. ജയലളിതയുടെ പ്രചാരണ, പ്രസംഗ  വിഡിയോകള്‍ പകര്‍ത്തുന്ന അനുമതി നേടിയെടുത്ത ശശികല സാവധാനം മന$സാക്ഷി സൂക്ഷിപ്പുകാരിയും ഉറ്റ തോഴിയുമായി. 1991ല്‍ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ ഭരണം നിയന്ത്രിച്ചത് ശശികലയും കുടുംബവുമാണ്. ജയയുടെ മറവില്‍ അഴിമതിയും സ്വജനപക്ഷപാതവും തമിഴകത്ത് കൊടികുത്തിവാണു.

സഹോദരങ്ങള്‍ എം.പിമാരും എം.എല്‍.എമാരുമായി. അധികാരവും സമ്പത്തും കൈയാളുന്നവരായി കുടുംബശൃംഖല വളര്‍ന്നു. മോഹിക്കുന്നതെന്തും അധികാരത്തിന്‍െറ തണലില്‍ ജയയും ശശികലയും സ്വന്തമാക്കി. സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍െറ വീടും സ്ഥലവും ഉള്‍പ്പെടെ 22 ഏക്കര്‍ 13 ലക്ഷം രൂപക്ക് കൈക്കലാക്കിയത് ഒരു ഉദാഹരണം.

1996ലും 2011ലും  പുറത്താക്കപ്പെട്ട ശശികല വികാരവിക്ഷോഭങ്ങളില്ലാതെ ജയലളിതയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കിനിന്ന് പോയസ് ഗാര്‍ഡനിലേക്ക് തന്നെ തിരിച്ചത്തെി. അഴിമതിക്കേസുകളില്‍ മുഖ്യപ്രതി ജയലളിതയാണെങ്കിലും രണ്ടാം സ്ഥാനത്ത് ശശികലയും ബാക്കി കുടുംബാംഗങ്ങളുമായിരുന്നു. ശിക്ഷിക്കപ്പെട്ട പലപ്രാവശ്യം ജയലളിതക്കൊപ്പം ജയിലില്‍ കിടന്നിട്ടുണ്ട്. ഇപ്പോഴും പല കേസുകളിലെയും പ്രതിയാണ്.

ഷീല പദവിയൊഴിഞ്ഞത് മാറ്റത്തിന് മുന്നോടിയായി

തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍-പാര്‍ട്ടി തലങ്ങളിലുണ്ടായ മാറ്റങ്ങള്‍ ശശികല മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നതിന് മുന്നോടിയായിട്ടായിരുന്നെന്ന് വിലയിരുത്തല്‍. ജയലളിതയുടെ വിശ്വസ്ത സംഘത്തില്‍പെട്ട മലയാളി വനിതയും സര്‍ക്കാര്‍ ഉപദേശകയുമായ ഷീല ബാലകൃഷ്ണന്‍ ഐ.എ.എസ്, മുഖ്യമന്ത്രിയുടെ പ്രത്യേക സെക്രട്ടറിമാരായിരുന്ന കെ.എന്‍. വെങ്കട്ടരമണന്‍, എ. രാമലിംഗം എന്നിവരാണ് കഴിഞ്ഞദിവസം സ്ഥാനം ഒഴിഞ്ഞത്. 

പന്നീര്‍സെല്‍വത്തിന്‍െറ ഓഫിസില്‍നിന്നുള്ള സമ്മര്‍ദവും പിന്നിലുണ്ടായിരുന്നു. ഷീലക്ക്  മാര്‍ച്ച് 31 വരെ കാലാവധി ഉണ്ടായിരുന്നു.  2012 മുതല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഇവര്‍ വിരമിച്ചതിനത്തെുടര്‍ന്ന് 2014ലാണ് സംസ്ഥാന സര്‍ക്കാറിന്‍െറ ഉപദേശകയായി സ്ഥാനമേറ്റത്. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് സംസ്ഥാന ഭരണനിര്‍വഹണം പരാതികളില്ലാതെ മുന്നോട്ടു കൊണ്ടുപോയത് ഷീലയുടെ നേതൃത്വത്തിലായിരുന്നു. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ് സ്ഥാനം ഒഴിയാന്‍ ഷീലയെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.  

ജയയുടെ കാലത്ത് അവഗണിച്ചിരുന്ന ഒരുപറ്റം നേതാക്കളെ മുതിര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി തന്നോടൊപ്പം നിര്‍ത്താന്‍ കഴിഞ്ഞദിവസങ്ങളില്‍ ശശികല നീക്കം നടത്തിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ 23 പേരെയാണ് പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ നിയമിച്ചത്. ഇവര്‍ ദീപക്കൊപ്പം പോകുന്നത് തടയുകയും ഇതിന് പിന്നിലുണ്ട്. അതേസമയം, ശശികല നടരാജനെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെതിരെ വിമത എം.പി ശശികല പുഷ്പ നല്‍കിയ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അണ്ണാ ഡി.എം.കെയോട് വിശദീകരണം തേടി. 

ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിനൊപ്പം മുഖ്യമന്ത്രി പദവികൂടി വഹിക്കണമെന്ന് മുമ്പുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ഈ ആവശ്യമുന്നയിച്ച് രംഗത്തത്തെിയതിനത്തെുടര്‍ന്ന് ചില മന്ത്രിമാരും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എതിര്‍പ്പുയര്‍ത്താതെ സ്ഥാനമൊഴിഞ്ഞെങ്കിലും പന്നീര്‍സെല്‍വം ഈ ആവശ്യം  പ്രകടിപ്പിക്കാഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ജയ അകറ്റിനിര്‍ത്തിയ പന്നീര്‍സെല്‍വത്തിന് വീണ്ടും പാര്‍ട്ടി ടിക്കറ്റ് ലഭിച്ചത് തോഴിയായിരുന്ന ശശികലയുടെ ഇടപെടലിലാണ്.

Tags:    
News Summary - shashikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.