ന്യൂഡൽഹി: കോൺഗ്രസുമായി ഭിന്നത രൂക്ഷമാകുന്നതിനിടെ കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ എം.പി. ചൊവ്വാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ തരൂരിനൊപ്പം കേന്ദ്ര വ്യവസായമന്ത്രി പിയുഷ് ഗോയലും ബ്രിട്ടിഷ് ട്രേഡ് സെക്രട്ടറി ജൊനാതൻ റെയ്നോൾഡ്സുമാണുള്ളത്. ഇന്ത്യ -യു.കെ വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചക്കു ശേഷമാണ് ഇരുവർക്കുമൊപ്പം തരൂർ സെൽഫി എടുത്തത്. തനിക്ക് ‘മറ്റു മാർഗങ്ങളുണ്ടെന്ന്’ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തോട് തുറന്നടിച്ചതിനു പിന്നാലെയാണ് തരൂർ കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതെന്നത് ശ്രദ്ധേയമാണ്. ഇത് വീണ്ടും ചർച്ചയാകുന്നതോടെ പാർട്ടിയിൽ പുതിയ വിവാദമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
നേരത്തെ കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ പുകഴ്ത്തി തരൂർ ലേഖനമെഴുതുകയും ഇതിനെ ന്യായീകരിക്കുകയും ചെയ്തത് പ്രതിപക്ഷത്തിന് തലവേദനയായിരുന്നു. കോൺഗ്രസ് മുഖപത്രമായ വീക്ഷണം തിരുവനന്തപുരം എം.പിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ഇടതു സർക്കാറിനു കീഴിൽ കേരളത്തിലെ വ്യവസായരംഗം പുരോഗതിയിലേക്ക് കുതിച്ചെന്നായിരുന്നു ലേഖനത്തിൽ തരൂർ വ്യക്തമാക്കിയത്. എന്നാൽ ഇതിലൂടെ കോൺഗ്രസിനെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പിന്നിലാക്കുകയാണ് തരൂരെന്ന് വീക്ഷണം വിമർശിച്ചു.
നേരത്തെ പ്രധാനമന്ത്രി മോദി, അമേരിക്കയുമായുള്ള ബന്ധത്തിൽ സ്വീകരിക്കുന്ന നിലപാടുകളെയും തരൂർ പ്രശംസിച്ചിരുന്നു. ഇതും കോൺഗ്രസ് നേതാക്കൾ ശക്തമായി വിമർശിച്ചു. എന്നാൽ എല്ലായ്പ്പോഴും പാർട്ടിയുടെ താൽപര്യപ്രകാരം എഴുതാനാകില്ലെന്നും, ദേശീയ താൽപര്യത്തിലാണ് തന്‍റെ ലേഖനത്തെ വിലയിരുത്തേണ്ടത് എന്നുമായിരുന്നു തരൂരിന്‍റെ വിശദീകരണം. പാർട്ടിക്ക് വേണമെങ്കിൽ താൻ ഒപ്പമുണ്ടാകുമെന്നും അല്ലെങ്കിൽ സ്വന്തം വഴി നോക്കുമെന്നും മറ്റു മാർഗങ്ങളില്ലെന്ന് കരുതരുതെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.