ശശി തരൂർ

1971ലെ സാഹചര്യമല്ല 2025ൽ, കൂടുതൽ നാശനഷ്ടമുണ്ടാക്കാനല്ല ഇപ്പോൾ മുൻഗണന നൽകേണ്ടത്; ഇന്ദിരാഗാന്ധിയെ പ്രകീർത്തിക്കുന്ന കോൺഗ്രസുകാരെ ഓർമിപ്പിച്ച് ശശി തരൂർ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാകിസ്താനുമായുണ്ടാക്കിയ വെടിനിർത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്നു കോൺഗ്രസുകാരെ തിരുത്തി ശശി തരൂർ. ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് പാകിസ്താന് മുന്നിൽ മുട്ടുമടക്കാത്ത ഇന്ദിരാഗാന്ധിയെ ഉദാഹരിച്ചാണ് കോൺഗ്രസ് നേതാക്കൾ മോദിസർക്കാറിനെതിരെ രംഗത്തുവന്നത്.

എന്നാൽ 1971ലെ സാഹചര്യമല്ല 2025ലേത് എന്നാണ് ശശി തരൂർ പ്രവർത്തകരെ ഓർമപ്പെടുത്തിയത്. കേന്ദ്രസർക്കാർ വെടിനിർത്തൽ കരാറിനെ കുറിച്ച് പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഇന്ദിരാഗാന്ധിയെ പ്രകീർത്തിച്ച് കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ''സംഘർഷം നമ്മുടെ നിയന്ത്രണത്തിലല്ല എന്ന സ്ഥിതിയിലെത്തിയപ്പോഴാണ് വെടിനിർത്തൽ കരാറിലെത്തിയത്. സമാധാനം അനിവാര്യമാണ്. 1971ലെ സാഹചര്യമല്ല 2025ലേത് എന്നത് യാഥാർഥ്യമാണ്. ഒരുപാട് വ്യത്യാസങ്ങളുണ്ട്.''-തരൂർ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നുണ്ട്. നമ്മൾ ഒരുപാട് സഹിച്ചു. എത്ര​ പേർ മരിച്ചുവെന്ന് പൂഞ്ചിലെ ജനങ്ങളോട് ചോദിച്ചു നോക്കൂ. യുദ്ധങ്ങൾ നമ്മൾ അവസാനിപ്പിക്കണമെന്ന് ഞാൻ പറയില്ല. അത് തുടരേണ്ട സാഹചര്യങ്ങളുണ്ടെങ്കിൽ തീർച്ചയായും മുന്നോട്ട്കൊണ്ടു പോകും. എന്നാൽ മുന്നോട്ടുകൊണ്ടുപോകേണ്ട രീതിയിലുള്ള ഒരു യുദ്ധമല്ല ഇത്. ഭീകരരെ പാഠം പഠിപ്പിക്കുകയായിരുന്നു നമ്മുടെ ആവശ്യം. അത് പഠിപ്പിച്ചുകഴിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു.

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് കാരണക്കാരായ ഭീകരരെ സർക്കാർ കണ്ടെത്തുക തന്നെ ചെയ്യും. അത് അനിവാര്യമാണ് താനും. എന്നാൽ അത് ഒരു രാത്രി​കൊണ്ട് അത് സംഭവിക്കില്ല. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം. എന്നാൽ ആ ദൗത്യം നമ്മൾ പൂർത്തിയാക്കിയിരിക്കും. നിരപരാധിക​ളായ ഇന്ത്യൻ ജനതയെ കൊല്ലാൻ ആരെയും അനുവദിക്കില്ല. എന്നാൽ അതിനർഥം രാജ്യത്തെ മുഴുവൻ യുദ്ധത്തിലേക്ക് തള്ളിവിടണം എന്നല്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

പാകിസ്‍താനുമായുള്ള ഈ സംഘർഷത്തിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാനോ സ്വത്തുവകകൾ ഇല്ലാതാകാനോ സാധ്യതയില്ല. ഇന്ത്യക്കാരുടെ ക്ഷേമത്തിനും വളർച്ചക്കും പുരോഗതിക്കുമാണ് നമ്മൾ ഊന്നൽ നൽകേണ്ടത്. ഈ ഘട്ടത്തിൽ സമാധാനമാണ് അനിവാര്യം എന്നാണ് എനിക്ക് തോന്നുന്നത്.-ശശി തരൂർ തുടർന്നു.

1971ലേത് മഹത്തായ വിജയമായിരുന്നു. ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കാം. ഉപഭൂഖണ്ഡത്തിന്റെ ഭൂപടം തന്നെ ഇന്ദിരാഗാന്ധി മാറ്റി വരച്ചു. എന്നാൽ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. പാകിസ്താനിലെയും സാഹചര്യം അന്നത്തേത് പോലല്ല, അവരുടെ സൈനിക ശക്തി, ആയുധശേഷി, നാശനഷ്ടങ്ങൾ എന്നിവയും തികച്ചും വ്യത്യസ്തമാണ്.

ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ഇന്ത്യക്ക് ​പൊരുതാൻ ഒരു പൊതുകാരണമുണ്ടായിരുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ സ്വാതന്ത്ര്യം എന്നതായിരുന്നു അത്. ഇത് തികച്ചും വ്യത്യസ്തമാണ്. ഈ സംഘർഷം മുന്നോട്ട്കൊണ്ടുപോയി ഇരുഭാഗത്തും കൂടുതൽ നാശനഷ്ടമുണ്ടാക്കി, കൂടുതൽ ജീവനുകൾ നഷ്ടപ്പെടുത്തുന്നതിനാണോ ഇന്ത്യ ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും തരൂർ ചോദിച്ചു. ഒരിക്കലുമല്ല. ഭീകരരെ നമ്മുടെ രാജ്യത്തേക്ക് അയച്ചവരെ പാഠം പഠിപ്പിക്കുകയാണ് വേണ്ടത്. പാകിസ്താൻ പ്രകോപിപ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ നമ്മളൊരിക്കലും പ്രകോപിതരാവുകയില്ല. പാകിസ്താൻ അങ്ങനെ ചെയ്തപ്പോൾ നമ്മളും വിട്ടുകൊടുത്തില്ല. ഒരു പ്രത്യേക ലക്ഷ്യവുമില്ലാതെ ഇതിങ്ങനെ മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യമില്ല. അന്ന് ബംഗ്ലാദേശിന്റെ വിമോചനം എന്നൊരു ലക്ഷ്യം നമ്മുടെ മുന്നിലുണ്ടായിരുന്നു. പാകിസ്താനെതിരെ ഷെല്ലാക്രമണം തുടരുന്നതിൽ ഒരർഥവും കാണുന്നില്ല. ആ സാഹചര്യങ്ങൾ മനസിലാക്കണം. ശശി തരൂർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ 1971ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കീഴടങ്ങിയിരുന്നില്ലെന്ന പ്രചാരണവുമായാണ് കോൺഗ്രസ് നേതാവക്കൾ രംഗത്തുവന്നത്. 


Full View


Tags:    
News Summary - Shashi Tharoor Amid Congress' Indira Gandhi Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.