തനിക്കെതിരായ ഹൈകോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഷർജീൽ ഇമാം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കവേ തനിക്കെതിരെ ഡൽഹി ഹൈകോടതി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മറ്റൊരു പ്രതിയും ജെ.എൻ.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാം. പ്രതിഷേധത്തിനും കലാപത്തിനും പിന്നിലെ തലച്ചോർ ഷർജീൽ ഇമാമാണെന്ന തരത്തിൽ കോടതി നിരീക്ഷണം നടത്തിയിരുന്നു. ഉമർ ഖാലിദും ഷർജീൽ ഇമാമും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും ഖാലിദ് വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നുമാണ് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടിയത്.

എന്നാൽ, തന്നെ കേൾക്കാനുള്ള അവസരം പോലും നൽകാതെയാണ് കോടതിയുടെ ഇത്തരം നിരീക്ഷണങ്ങളെന്ന് സുപ്രീംകോടതിയിൽ ഷർജീൽ ഇമാം സമർപ്പിച്ച ഹരജിയിൽ പറഞ്ഞു. ഇത്തരം നിരീക്ഷണങ്ങൾ താനും പ്രതിയായ കേസിന്‍റെ മെറിറ്റിനെ ബാധിക്കും. കേസിൽ തന്‍റെ ജാമ്യാപേക്ഷ ഹൈകോടതിയുടെ തന്നെ പരിഗണനയിലാണുള്ളത്. കോടതിയുടെ പരാമർശങ്ങൾ തന്‍റെ കേസിൽ മുൻവിധിക്ക് കാരണമാകുമെന്നും ഇമാം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബർ 18നായിരുന്നു ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളിയത്. 2020ല്‍ നടന്ന കലാപത്തിനു പിന്നില്‍ വലിയ ഗൂഢാലോചന ആരോപിച്ചുള്ള കേസില്‍ ഉമര്‍ ഖാലിദിനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന വിചാരണക്കോടതി വിധി അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈകോടതി ഉത്തരവ്.

ഉമറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട്, സഹപ്രതി ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളും വിവിധ പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളും സാക്ഷികള്‍ നല്‍കിയ മൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഉപരോധത്തിനും പ്രതിഷേധത്തിനും പിന്നില്‍ 'മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന' ഉണ്ടെന്നു തോന്നുന്നതായാണ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് കോടതി പറഞ്ഞത്. 2020 ഫെബ്രുവരി 17ന് അറസ്റ്റിലായ ഷർജീൽ ഇമാമും 2020 സെപ്റ്റംബര്‍ 13ന് അറസ്റ്റിലായ ഉമര്‍ ഖാലിദും ഇപ്പോഴും ജയിലിൽ തുടരുകയാണ്.

Tags:    
News Summary - Sharjeel Imam Moves Supreme Court Seeking To Expunge Remarks Made By Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.