ന്യൂഡൽഹി: ഭീകരനെന്നും ദേശവിരുദ്ധനെന്നും വിളിച്ച് ജയിലിൽ തനിക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട്, പൗരത്വ സമരത്തിനിറങ്ങി യു.എ.പി.എ ചുമത്തി ജയിലിലടച്ച ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാം ഡൽഹി കോടതിയെ സമീപിച്ചു. ജൂൺ 30ന് അസിസ്റ്റന്‍റ് ജയിൽ സൂപ്രണ്ട് ഒമ്പതോളം തടവുകാരുമായി തന്റെ സെല്ലിലെത്തിയാണ് അതിക്രമങ്ങൾ നടത്തിയതെന്ന് അഡ്വ. അഹ്മദ് ഇബ്രാഹീം മുഖേന സമർപ്പിച്ച ഹരജിയിൽ ഇമാം ബോധിപ്പിച്ചു.
പരിശോധനക്കെന്ന പേരിൽ സെല്ലിൽ കടന്ന സംഘം പുസ്തകങ്ങളും വസ്ത്രങ്ങളും വലിച്ചെറിയുകയും ഭീകരനെന്നും ദേശവിരുദ്ധനെന്നും വിളിച്ച് മർദിക്കുകയുമായിരുന്നു. തന്നെ മർദിക്കുന്നതിൽ നിന്ന് ജയിൽപുള്ളികളെ തടയാൻ അസി. സൂപ്രണ്ടിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നടപടിയെടുത്തില്ല. അദ്ദേഹവും കൂടി അറിഞ്ഞാണ് അതിക്രമമെന്ന് ഇതിലുടെ വ്യക്തമാകുന്നുവെന്ന് ഹരജിയിൽ തുടർന്നു.
ഇപ്പോൾനടന്ന അതിക്രമ സമയത്തെ സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ നടപടി കൈകൊള്ളണമെന്നും ഹരജിയിലുണ്ട്. അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് അവധിയിലായതിനാൽ ഹരജി പരിഗണിച്ച മറ്റൊരു ജഡ്ജി നോട്ടീസ് അയച്ച് കേസ് പരിഗണിക്കാനായി ജൂലൈ 14ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.