ഇ-റിക്ഷ
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വ്യൂസ് കൂട്ടാൻ ഇ-റിക്ഷാ ഡ്രൈവർമാരെ വട്ടംകറക്കുന്ന പുതിയ 'പ്രാങ്ക്' ട്രെൻഡിനെതിരെ മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ. യാത്രയ്ക്കിടയിൽ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വഴിയിൽ വെച്ച് ഇ-റിക്ഷകളുടെ പവർ കട്ട് ചെയ്ത് വാഹനം നിശ്ചലമാക്കുന്ന വിഡിയോകൾ ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയവയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വാഹനം ഓഫായതിനെ തുടർന്ന് മണിക്കൂറുകളോളം പണിയില്ലാതെ വഴിയിൽ കിടക്കേണ്ടി വന്ന ഒരു വാടക ഇ-റിക്ഷാ ഡ്രൈവർ കണ്ണീരോടെ സങ്കടം പറയുന്ന വിഡിയോ അടുത്തിടെ വൈറലായിരുന്നു.
ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് സാമൂഹിക വിരുദ്ധർ ഇത്തരം അതിക്രമങ്ങൾ കാണിക്കുന്നത്. വണ്ടിയുടെ ഒറിജിനൽ താക്കോൽ ഉപയോഗിച്ചാൽ പോലും ഈ ആപ്പിലൂടെയുള്ള ലോക്ക് മാറ്റാൻ കഴിയില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം. ഇതോടെ യാത്രക്കാരും ഡ്രൈവർമാരും വഴിയിൽ കുടുങ്ങുന്നതിനൊപ്പം വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു.
ഇന്ത്യയിൽ വിൽക്കുന്ന ചില ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം അയോൺ ബാറ്ററി പാക്കുകളുടെ സുരക്ഷാ പാളിച്ചകളാണ് ഈ ആപ്പുകൾ ചൂഷണം ചെയ്യുന്നത്. ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന ഇത്തരം ബാറ്ററികളിലെ 'ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിന്' (BMS) പാസ്‌വേഡ് സുരക്ഷ ഉണ്ടാകാറില്ല. ഇത് മുതലെടുത്ത് സമീപത്തുള്ള ആർക്കും ഫോൺ വഴി ബാറ്ററിയുടെ പ്രവർത്തനം തടസ്സപ്പെടുത്താം. വോൾട്ടേജ്, താപനില എന്നിവ നിരീക്ഷിക്കാൻ സർവീസ് എഞ്ചിനീയർമാർക്കായി ഒരുക്കിയ സംവിധാനമാണ് റീൽസ് ഉണ്ടാക്കാൻ വേണ്ടി ഇപ്പോൾ ദുരുപയോഗം ചെയ്യുന്നത്. എന്നാൽ പഴയ ലെഡ് ആസിഡ് ബാറ്ററികളുള്ള ഇ-റിക്ഷകളിൽ ബ്ലൂടൂത്ത് ഇല്ലാത്തതിനാൽ ഈ തട്ടിപ്പ് നടക്കില്ല.
അതേസമയം, ഇത്തരത്തിൽ ഇ-റിക്ഷകൾ ഓഫാക്കുന്നത് വെറുമൊരു കളിയല്ല, മറിച്ച് മൂന്ന് വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ഗുരുതരമായ സൈബർ കുറ്റകൃത്യമാണെന്ന് അന്താരാഷ്ട്ര സൈബർ നിയമ കമ്മീഷൻ ചെയർമാൻ പവൻ ദുഗ്ഗൽ വ്യക്തമാക്കി. വിവരസാങ്കേതിക നിയമത്തിലെ (IT Act, 2000) സെക്ഷൻ 66, സെക്ഷൻ 43 എന്നിവ പ്രകാരം ഉടമയുടെ അനുമതിയില്ലാതെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വ്യാജമായി കടന്നുകയറുന്നതിന് തുല്യമാണിത്. ഈ പ്രവണത വ്യാപകമായതോടെ വരും ദിവസങ്ങളിൽ പുതിയ ബാറ്ററികൾക്ക് പാസ്‌വേഡ് സുരക്ഷ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇ-റിക്ഷാ നിർമ്മാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.