ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ശാഹീൻ ബാഗിൽ സ്ത്രീകൾ നടത്തിവ രുന്ന രാപ്പകൽ സഹനസമരം പൊളിക്കാനുള്ള ശ്രമവുമായി ഡൽഹി പൊലീസ്. ഞായറാഴ്ച രാത്രി യോടെ സമരക്കാരെ നീക്കംചെയ്യാൻ പൊലീസ് ശ്രമിച്ചേക്കുമെന്ന് വാർത്ത വന്നതോടെ സിഖുകാരുൾപ്പെടെ ആയിരങ്ങളാണ് പ്രതിരോധിക്കാനായി എത്തിയത്. ഞായറാഴ്ച ഉച്ചയോടെ പ്രതിഷേധക്കാർ സ്ഥാപിച്ച ബാരിക്കേടുകളും ബാനറുകളും പൊലീസെത്തി നീക്കം ചെയ്തിരുന്നു. സമരക്കാരെ നീക്കം ചെയ്യാൻ പൊലീസിന് ഉന്നതാനുമതി ലഭിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്തവന്നു.
ആർ.എസ്.എസ് പ്രവർത്തകരും സംഘടിച്ചെത്തുമെന്ന അഭ്യൂഹവും പരന്നു. ഇതോടെ വൈകുന്നേരം ജാമിഅ നഗർ, അബുഫസൽ, ഓഖ്ല ഗാവ് തുടങ്ങി പ്രദേശങ്ങളിലെ ആളുകൾ ശഹീൻ ബാഗിലേക്ക് നീങ്ങി. ഡൽഹിയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന സിഖ് സമുദായക്കാരും ഐക്യദാർഢ്യവുമായി എത്തി. ഇവർ പൊലീസ് നീക്കം ചെയ്ത ബാരിക്കേഡുകൾ പുനഃസ്ഥാപിച്ചു. കൂടാതെ, മറ്റു രണ്ടു ബാരിക്കേഡുകൾ കൂടി അധികമായി സ്ഥാപിച്ചു. ഡിസംബർ15ന് ആരംഭിച്ചതാണ് ശാഹീൻ ബാഗിൽ സ്ത്രീകളുടെ രാപ്പകൽ സമരം. നോയിഡ കാളിന്ദി കുഞ്ച് ദേശീയപാതയിൽ നടക്കുന്ന സമരത്തിൽ ചെറിയ കുട്ടികൾ മുതൽ 80 വയസ്സുവരേയുള്ള സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. സമരത്തെ തുടർന്ന് നോയിഡ-കാളിന്ദി കുഞ്ച് ദേശീയപാത അടിച്ചിരിക്കുയാണ്.
ശൈത്യകാല അവധികഴിഞ്ഞ് തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിനാൽ ഞായറാഴ്ച രാത്രി സമരക്കാരെ പൊലീസ് ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ഞായറാഴ്ച രാത്രി ജെ.എൻ.യുവിൽ എ.ബി.വി.പി നടത്തിയ അതിക്രമത്തിൽ പൊലീസ് പ്രതിരോധത്തിലായിരുന്നു. ഈ പശ്ചാത്തലത്തിൽ നീക്കം ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.