സചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും (ഫയൽ ചിത്രം)

രാജസ്ഥാനിലെ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്.എഫ്​.ഐക്ക് രണ്ട് അധ്യക്ഷ സ്ഥാനം, എൻ.എസ്.യുവിന് പൂജ്യം

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിന് ആപദ്സൂചനകളുമായി സംസ്ഥാനത്തെ സ്റ്റുഡന്റ് യൂനിയൻ തെരഞ്ഞെടുപ്പ്. പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ)ക്ക് സംസ്ഥാനത്തെ 14 സർവകലാശാലകളിൽ ഒന്നിൽ​പോലും ​അധ്യക്ഷ പദവിയിൽ ജയിക്കാനായില്ല. ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി ഏഴു സർവകലാശാലകളിൽ ചെയർമാൻ പദവിയിലെത്തി. സംസ്ഥാനത്ത് സി.പി.എമ്മിന് കാര്യമായ വേരോട്ടമില്ലെങ്കിലും പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എസ്.​എഫ്.ഐ രണ്ടു സർവകലാശാലകളിൽ പ്രസിഡൻഷ്യൻ പോസ്റ്റിലേക്ക് വിജയിച്ച് അഭിമാനകരമായ നേട്ടം കൊയ്തു.

ഭരണത്തിലിരിക്കുന്ന എൻ.എസ്.യു.ഐക്കേറ്റ കനത്ത തിരിച്ചടിക്കിടയിലാണ് എസ്.എഫ്.ഐ ഗംഭീരജയം നേടിയിരിക്കുന്നത്. അഞ്ചു സർവകലാശാലകളിൽ സ്വതന്ത്രർക്കാണ് ചെയർമാൻ പദവി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പൂരിലടക്കം എൻ.എസ്.യു.ഐക്ക് തിരിച്ചടിയേറ്റു. അശോക് ഗെഹ്ലോട്ടും പാർട്ടിയിലെ യുവനേതാവ് സചിൻ പൈലറ്റും തമ്മിലെ തർക്കത്തിനിടയിൽ നിരാശരായ പ്രവർത്തകരുടെ പ്രതികരണമാണ് സ്റ്റുഡന്റസ് യൂനിയൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എൻ.എസ്.യു നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു. ഗെഹ്ലോട്ടിനെ എ.ഐ.സി.സി പ്രസിഡന്റാക്കാനുള്ള നീക്കങ്ങൾ ഡൽഹിയിൽ സജീവമായി നടക്കുന്നതിനിടെയാണ് രാജസ്ഥാനിൽ സർവകലാശാല തെരഞ്ഞെടുപ്പിലെ തിരിച്ചടി.



പരീക്ഷാ പേപ്പർ ചോർച്ച, സ്ത്രീ സുരക്ഷ, ഉയർന്ന കുറ്റകൃത്യ നിരക്കുകൾ തുടങ്ങിയവ കാരണം നിരാശരായ യുവജനങ്ങളുടെ പ്രതികരണമാണ് സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഭരണപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന് തിരിച്ചടിയേൽക്കാൻ കാരണമെന്നാണ് എതിരാളികളുടെ അഭിപ്രായം. എന്നാൽ, ഗെഹ്ലോട്ടും സചിനും തമ്മിലുള്ള പടലപ്പിണക്കമാണ് കനത്ത തോൽവിക്ക് വഴിയൊരുക്കിയതെന്ന് എൻ.എസ്.യു നേതാക്കളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു.

കനത്ത പ്രഹരം നൽകി 'കുടുംബത്തിലെ കലഹം'

'സചിൻ പൈലറ്റിനും അശോക് ഗെഹ്ലോട്ടിനുമിടക്ക് സംഭവിക്കുന്നത് എന്താണെന്ന് എല്ലാവർക്കുമറിയാമല്ലോ. മറ്റുള്ള പാർട്ടി​കളൊന്നുമല്ല ഞങ്ങളുടെ തോൽവിക്ക് കാരണം. അത്, ഞങ്ങൾക്കിടയിലുള്ള തർക്കങ്ങൾ തന്നെയാണ്.' പേരു വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട ഒരു എൻ.എസ്.യു നേതാവ് 'ദ പ്രിന്റി'നോട് പറഞ്ഞു. ഈ ഗ്രൂപ്പിസത്തിനിടയിൽ ആരോടും പിന്തുണ തേടിയിട്ടില്ല. ഒരു ഗ്രൂപ്പിനോട് തേടിയാൽ മറ്റുള്ളവർ എതിരായി മാറും. സ്റ്റുഡന്റ് യൂനിയൻ നേതാക്കളെന്ന നിലയ്ക്ക്, ആരെയും പിണക്കാതിരിക്കുന്നതാണ് ബുദ്ധി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ പിന്തുണ കിട്ടിയേനേ..' തെരഞ്ഞെടുപ്പിൽ തോറ്റ എൻ.എസ്.യു സ്ഥാനാർഥികളിലൊരാൾ പറഞ്ഞു.

'കുടുംബത്തിലെ കലഹം' ആണ് പരാജയത്തിന് കാരണമെന്ന് സംഘടനയു​ടെ ജില്ല പ്രസിഡന്റുമാരിലൊരാൾ പറഞ്ഞു. 'എല്ലാ യൂനിവേഴ്സിറ്റികളിലും അതുതന്നെയാണ് സംഭവിച്ചത്. പാർട്ടിക്കുള്ളിലെ ചേരിതിരിവ് ഞങ്ങളുടെ സ്ഥാനാർഥികളുടെ പിന്തുണയിലും പ്രതിഫലിച്ചു. സംഘടനയും രണ്ടു ചേരിയായി മാറി. രണ്ടു മുതിർന്ന നേതാക്കളുടെ ഈഗോയുടെ ദൂഷ്യഫലം യുവാക്കളായ വിദ്യാർഥി നേതാക്കൾ അനുഭവിക്കാനിടയായ സാഹചര്യം പാർട്ടി ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തും' -ജില്ല പ്രസിഡന്റ് കൂട്ടിച്ചേർത്തു.

രാജസ്ഥാൻ പി.സി.സി ​പ്രസിഡന്റ് ഗോവിന്ദ് സിങ് ദോസ്താര സർവകലാശാല തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ​പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തില്ലെന്ന് രാജസ്ഥാനിലെ കോൺഗ്രസ് വക്താവ് സ്വർനിം ചതുർവേദി പറഞ്ഞു. സർവകലാശാല അധ്യക്ഷരായി ജയിച്ച അഞ്ചു സ്വതന്ത്രന്മാരിൽ രണ്ടുപേർ എൻ.എസ്.യു.ഐ റിബൽ സ്ഥാനാർഥികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



രാജസ്ഥാൻ യൂനിവേഴ്സിറ്റിയിൽ എൻ.എസ്.യു വിമതർ

രാജസ്ഥാൻ യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു വിമത നേതാക്കളായ നിർമൽ ചൗധരിയും നിഹാരിക ജോർവാളുമാണ് ഒന്നും രണ്ടു സ്ഥാനത്തുവന്നത്. മൂന്നാം സ്ഥാനത്തെത്തിയത് എൻ.എസ്.യു ഔദ്യോഗിക സ്ഥാനാർഥിയും. ഗെഹ്ലോട്ട് മന്ത്രിസയിൽ അംഗമായ മുരാരി ലാൽ മീണയുടെ മകളാണ് നിഹാരിക. ലാദ്നമിലെ കോൺഗ്രസ് എം.എൽ.എ മുകേഷ് ഭാക്കറി​ന്റെ അടുപ്പക്കാരനാണ് നിർമൽ ചൗധരി. മീണയും ഭാക്കറും സചിൻ പൈലറ്റിന്റെ വിശ്വസ്തരാണ്. പൈലറ്റാണ് തന്റെ മാതൃകാ നേതാവെന്ന് വിജയത്തിനു​ശേഷം നടത്തിയ പ്രസംഗത്തിൽ ചൗധരി പറഞ്ഞു. 35 വർഷത്തെ ചരിത്രത്തിൽ രാജസ്ഥാൻ യൂനിവേഴ്സിറ്റിയിൽനിന്ന് 15ലേറെ എം.പിമാരും എം.എൽ.എമാരുമാണ് ഉദയം കൊണ്ടത്.


 



എൻ.എസ്.യുവിനെ വീഴ്ത്തി എസ്.എഫ്.ഐ

ജയ് നാരായൺ വ്യാസ് യൂനിവേഴ്സിറ്റിയിൽ എൻ.എസ്.യുവിനെ തോൽപിച്ചാണ് എസ്.എഫ്.ഐ അപ്രതീക്ഷിത വിജയം നേടിയത്. ജാതി സമവാക്യങ്ങളാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് ജോധ്പൂർ യൂനിറ്റ് എൻ.എസ്.യു.ഐ ​പ്രസിഡന്റ് ദിനേഷ് പരിഹാർ പറയുന്നു. 'എസ്.എഫ്.ഐ രജപുത്ര സ്ഥാനാർഥികളെയാണ് മത്സരത്തിനിറക്കിയത്. എൻ.എസ്.യു.ഐയും എ.ബി.വി.പിയും ജാട്ട് സ്ഥാനാർഥികളെയും മത്സരിപ്പിച്ചു. ജോധ്പൂരിൽ ജാതി അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളിൽ ഫലം നിർണയിക്കപ്പെടുന്നത്. ജാട്ട് വോട്ടുകൾ ഭിന്നിച്ചതോടെ എസ്.എഫ്.ഐ സ്ഥാനാർഥി ജയിക്കുകയായിരുന്നു.

Tags:    
News Summary - SFI won two presidential posts in the Rajasthan student union polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.