മധ്യപ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും മദ്റസകൾക്കെതിരെ നടപടി; പൂട്ടി സീൽ ചെയ്തത് മതിയായ രേഖകളില്ലെന്ന് പറഞ്ഞ്

ഡെറാഡൂൺ: മധ്യപ്രദേശിൽ കൈയേറ്റമാണെന്നാരോപിച്ച് 30 വർഷം പഴക്കമുള്ള മദ്റസ പൊളിച്ചുനീക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡിലും മദ്റസകൾക്കെതിരെ നടപടി. മതിയായ രേഖകളില്ലെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിൽ മദ്റസകൾ പൂട്ടി സീൽ ചെയ്തു. സംസ്ഥാനത്തെ ഹൽദ്വാനി ജില്ലയിലെ ബൻഭുൽപുര മേഖലയിൽ ഏഴ് മദ്റസകളാണ് പൂട്ടിയത്.

ജില്ലാ, മുനിസിപ്പൽ, പൊലീസ് സംഘങ്ങൾ മദ്റസകളിലെത്തി പരിശോധന നടത്തിയിരുന്നു. സംസ്ഥാന സർക്കാറിന്‍റെ നിയമമനുസരിച്ചല്ല മദ്റസകൾ പ്രവർത്തിക്കുന്നതെന്നും ഉത്തരാഖണ്ഡ് മദ്റസ ബോർഡിന്‍റേയോ വിദ്യാഭ്യാസ വകുപ്പിന്‍റേയോ കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഹൽദ്വാനി മജിസ്ട്രേറ്റ് എ.പി. ബാജ്പേയി പറഞ്ഞു. എന്നാൽ, രജിസ്ട്രേഷൻ രേഖകളും വിദ്യാർഥികളുടെ എണ്ണവും അപേക്ഷയുമെല്ലാം സമർപ്പിച്ചെങ്കിലും അധികൃതർ പരിഗണിച്ചില്ലെന്നാണ് മദ്രസ നടത്തിപ്പുകാരുടെ ആക്ഷേപം.

ഡിസംബറിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്റസകൾക്കെതിരെ നടപടി ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പൊളിച്ചുനീക്കൽ നടപടിക്കിടെ, ഫെബ്രുവരി 8 ന് ബൻഭൂൽപുര പ്രദേശത്തെ ഒരു മദ്റസ മുനിസിപ്പൽ ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തി. നടപടി പുരോഗമിക്കവെ ഒരു വിഭാഗം ജയ് ശ്രീറാം മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. മുനിസിപ്പൽ അധികൃതർക്കും പൊലീസിനുംനേർക്ക് നാട്ടുകാർ കല്ലും പെട്രോൾ ബോംബുകളും എറിയുകയും തീവെപ്പടക്കം അക്രമം അരങ്ങേറുകയും ചെയ്തു. സംഘർഷത്തിൽ 16കാരനുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു.

മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് 30 വർഷം പഴക്കമുള്ള മദ്റസ പൊളിച്ചുനീക്കിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് മദ്റസ നിർമിച്ചതെന്നാണ് ആരോപണം. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷമുള്ള ആദ്യ നടപടിയാണിത്. ബി.ഡി കോളനിയിൽ ഗ്രാമപഞ്ചായത്തിന്‍റെ അനുമതിയോടെയാണ് മദ്റസ നിർമിച്ചതെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്.

Tags:    
News Summary - seven Madrasas in Uttarakhand closed and sealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.