പ്രതിപക്ഷത്തിന് തിരിച്ചടി; കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ഹരജി തള്ളി

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി നൽകിയ ഹരജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസ്സമതിക്കുകയായിരുന്നു.

ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് ഹരജിയിലെ ആരോപണം. ഹരജിയുടെ സാധുതയിലും സാധ്യതയിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തിൽനിന്നും പ്രോസിക്യൂഷൻ നടപടികളിൽനിന്നും പ്രതിപക്ഷ പാർട്ടികൾക്ക് സംരക്ഷണം തേടുകയാണോയെന്നും പൗരന്മാർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

എന്നാൽ, പ്രതിപക്ഷ നേതാക്കൾക്ക് സംരക്ഷണമോ, ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്നും നിയമത്തിന്റെ ന്യായവും നിഷ്പക്ഷവുമായ പ്രയോഗമാണ് താൻ ആവശ്യപ്പെടുന്നതെന്നും സിങ്വി വ്യക്തമാക്കി. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും മനോവീര്യം തകർക്കാനും സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ജനാധിപത്യത്തിനും നിയമവാഴ്ചക്കും ഹാനികരമാണെന്നും അദ്ദേഹം മറുപടി നൽകി.

എന്നാൽ, സിങ്വിയുടെ വാദങ്ങൾ ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ഹരജി രാഷ്ട്രീയക്കാർക്കുള്ള അപേക്ഷയാണെന്നും അഴിമതിയോ കുറ്റകൃത്യമോ ബാധിച്ചേക്കാവുന്ന പൗരന്മാരുടെ അവകാശങ്ങളും താൽപര്യങ്ങളും ഹരജി കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഹരജി പിൻവലിക്കുകയും ചെയ്തു. 2014നു ശേഷം രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനാൽ ഇ.ഡി, സി.ബി.ഐ കേസുകളിലെ അറസ്റ്റിനും ജാമ്യത്തിനും സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Tags:    
News Summary - Setback For Opposition In Supreme Court Over "Misuse Of Central Agencies"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.