ന്യൂഡൽഹി: ഐ.ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ്. ഇന്ന് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്തവർക്ക് ഇനിയൊരവസരം കൂടി നൽകില്ലെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐ.ടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും ഐ.ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം അർധരാത്രി പുറത്തിറക്കിയ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ഔദ്യോഗിക അപ്ഡേറ്റ്സുകളിൽ മാത്രം വിശ്വസിക്കണമെന്നും നിലവിൽ ഐ.ടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ മാത്രമാണെന്നും ആദായ നികുതി വകുപ്പ് കൂട്ടിച്ചേർത്തു.
അതിനിടെ റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ പാനും മൊബൈൽ നമ്പറും അടക്കം അതിന്റെ വിശദാംശങ്ങൾ orm@cpc.incometax.gov.in എന്ന മെയിൽ ഐഡിയിലേക്ക് അയക്കണമെന്നും ഇതു സംബന്ധിച്ചുള്ള എക്സ് പോസ്റ്റുകൾ മറുപടിയായ ആദായ നികുതി മന്ത്രാലയം കുറിച്ചു.
ഐ.ടി പോർട്ടൽ തകരാറിലാണെന്നാരോപിച്ച് നിരവധി ചാർട്ടേഡ് അക്കൗണ്ടന്റുമാരും വ്യക്തികളും കഴിഞ്ഞ രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
എന്നാൽ ഇ ഫയലിങ് പോർട്ടൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അതിന് വകുപ്പിന്റെ മറുപടി. ദയവായി നിങ്ങളുടെ ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്യുകയോ അല്ലെങ്കിൽ മറ്റൊരു ബ്രൗസർ വഴി പോർട്ടൽ ആക്‌സസ് ചെയ്യാൻ ശ്രമിക്കുകയോ വേണമെന്നും ഐ.ടി വകുപ്പ് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.