ജയ്പൂർ: അശോക് ഗെഹ്ലോട്ടിന്റെ നേതാവ് സോണിയാഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ എം.എൽ.എയുമായ സചിൻ പൈലറ്റ്. കോൺഗ്രസിൽ പുതിയ തർക്കത്തിന് തിരി കൊളുത്തിക്കൊണ്ടാണ് സചിന്റെ ആരോപണം.
2020ൽ കുറച്ച് എം.എൽ.എമാരുമായി സചിൻ പൈലറ്റ് വിമത നീക്കം നടത്തിയപ്പോൾ തന്റെ സർക്കാറിനെ നിലനിർത്താൻ സഹായിച്ചത് വസുന്ധര രാജെയാണെന്ന് കഴിഞ്ഞ ആഴ്ച അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് സചിൻ ആരോപണമുയർത്തിയത്.
മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ എനിക്ക് തേന്നിയത് അദ്ദേഹത്തിന്റെ നേതാവ് സോണിയാ ഗാന്ധി അല്ല, മറിച്ച് വസുന്ധര രാജെയാണ് എന്നാണ്. ബി.ജെ.പി തന്റെ സർക്കാറിനെ മറിച്ചിടാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. പിന്നീട് അദ്ദേഹം പറയുന്നത്, ബി.ജെ.പി നേതാവ് തന്റെ സർക്കാറിനെ സംരക്ഷിച്ചുവെന്നാണ്. ഈ വൈരുദ്ധ്യം അദ്ദേഹം വിശദീകരിക്കണം. --പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
ധോൽപൂരിലെ റാലിക്കിടെയായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പരാമർശമുണ്ടായത്. ഗെഹ്ലോട്ട് സ്വന്തം പാർട്ടിയെയും എം.എൽ.എമാരെയും അപമാനിക്കുകയാണെന്നും അത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും സചിൻ പൈലറ്റ് ആരോപിച്ചു.
എന്റെ പ്രത്യേക അഭ്യർഥനയുണ്ടായിട്ടുപോലും വസുന്ധര രാജെ സർക്കാറിന്റെ കാലത്തെ അഴിമതിയിൽ എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് ഇപ്പോൾ എനിക്ക് മനസിലായി. ബി.ജെ.പി നേതാക്കളുമായുള്ള രഹസ്യ ധാരണയാണ് അതിനു പിന്നിൽ. - സചിൻ ആരോപിച്ചു
തനിക്കെതിരെ വഞ്ചകൻ എന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടും പാർട്ടിയെ അപമാനിക്കാതിരിക്കാനാണ് ഒന്നും പറയാതിരുന്നത്. 2020 ൽ രാജസ്ഥാനിൽ നേതൃമാറ്റം ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതെ കുറിച്ച് അഹമ്മദ് പട്ടേലിനോട് സംസാരിക്കുകയും പദ്ധതി തയാറാക്കുകയും ചെയ്തിരുന്നു. അദ്ദേഹം സോണിയാ ഗാന്ധിയെ പോലും അപമാനിച്ചു. -സചിൻ പറഞ്ഞു.
അജ്മീറിൽ നിന്ന് ജയ്പൂരിലേക്കുള്ള ജൻ സംഘർഷ് യാത്രയിൽ അഴിമതി, യുവജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടും. ഈ യാത്ര ഒരു വ്യക്തിക്കും എതിരല്ല, മറിച്ച് അഴിമതിക്ക് എതിരാണെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.