ഹിന്ദുത്വം നിര്‍വചിക്കാനില്ല -സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് വര്‍മ ഹിന്ദുത്വത്തിന് നല്‍കിയ വിവാദ നിര്‍വചനം പരിശോധിക്കില്ളെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പില്‍ മതം ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയുടെ പരിധിയില്‍പെടുമോ എന്ന കാര്യമാണ് പരിശോധിക്കുകയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി. മതം സ്ഥാനാര്‍ഥി മാത്രമല്ല, ഏത് നേതാവ് ഉപയോഗിച്ചാലും അഴിമതിയാകുമോ എന്ന കാര്യവും പരിശോധിക്കും. മതത്തിന്‍െറ നിര്‍വചനം വിശാലമാണെന്നും അതിലേക്ക് കടക്കുന്നില്ളെന്നും ഏഴ് ജഡ്ജിമാരുമായി ഏറെനാള്‍ ഇതുമായി മുന്നോട്ടുപോകാനില്ളെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു. 

സുപ്രീംകോടതി ഹിന്ദുത്വത്തിന്‍െറയും മതത്തിന്‍െറയും നിര്‍വചനത്തിലേക്കും കടക്കുകയാണെങ്കില്‍ തങ്ങളുട ഭാഗവും കേള്‍ക്കണമെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരായ കെ.കെ. വേണുഗോപാലും ഫാലി എസ്. നരിമാനും ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതി ഹിന്ദുത്വ നിര്‍വചിക്കാനില്ളെന്ന് അറിയിച്ചത്.  
മതത്തിന്‍െറ പേരില്‍ സ്ഥാനാര്‍ഥി വോട്ട്ചെയ്യാന്‍ ആഹ്വാനം നടത്തുന്നത് ജനപ്രാതിനിധ്യ നിയമം 123 (3) വകുപ്പ് പ്രകാരം അഴിമതിയാകുമോ എന്ന കാര്യമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസിന്‍െറ നിലപാടിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച അഡ്വ. ബി.എ ദേശായി, ഹിന്ദുത്വത്തിന് ജസ്റ്റിസ് വര്‍മ നല്‍കിയ നിര്‍വചനം ഇപ്പോള്‍ പരിശോധിച്ചില്ളെങ്കില്‍ ആ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുമെന്ന് ഓര്‍മ്മിപ്പിച്ചു. 

തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസ് എന്ന നിലയില്‍ വര്‍ഗീയവിരുദ്ധ പ്രചാരകരായ തങ്ങളെയും കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ് സെറ്റല്‍വാദ്, ചരിത്രകാരനും  റിട്ട. പ്രഫസറുമായ ശംസുല്‍ ഇസ്ലാം ഇന്ത്യാ ടുഡെ മുന്‍ എഡിറ്റര്‍ ദിലീപ് മണ്ഡല്‍ എന്നിവര്‍ വ്യാഴാഴ്ച നല്‍കിയ അപേക്ഷയില്‍ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. മതം തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടത്തിലാക്കുന്നുണ്ടെങ്കില്‍ അതിന് നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്‍റാണെന്നും അതിനാല്‍, ഈ വിഷയം സുപ്രീംകോടതി പാര്‍ലമെന്‍റിന് വിടുകയാണ് വേണ്ടതെന്നും  കേസില്‍ കക്ഷിയായ മധ്യപ്രദേശിലെ സ്ഥാനാര്‍ഥിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍െറ വാദം നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു.
 

Tags:    
News Summary - Seeking votes in the name of religion an evil: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.