സുപ്രീംകോടതി
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹ കുറ്റം റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരം ഭാരതീയ ന്യായസംഹിത കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹരജിയിലെ വാദം മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ വാദം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചംഗ ബെഞ്ചിന്റെ വിധിയുള്ളതിനാൽ ഏഴംഗ ബെഞ്ചിന് വിടണമെന്ന ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യവും ബെഞ്ച് തള്ളി. ഏഴംഗ ബെഞ്ചിന് വിടണമെങ്കിൽ അത് അഞ്ചംഗ ബെഞ്ച് തീരുമാനിച്ചോളുമെന്ന്, ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങുന്ന ബെഞ്ച് പ്രതികരിച്ചു.
രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന പുതിയ നിയമനിർമാണത്തിൽ ഇന്ത്യൻ ശിക്ഷാ നിയമവും മാറുന്നതിനാൽ ഈ ഹരജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു കേന്ദ്ര സർക്കാറിന് വേണ്ടി അറ്റോണി ജനറൽ വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചത്. എന്നാൽ, വാദം കോടതി അംഗീകരിച്ചില്ല. പുതിയ ബിൽ നിയമമായാലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ പ്രകാരം രാജ്യത്ത് നിലവിലുള്ള നിരവധി കേസുകൾ നിലനിൽക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
പുതിയ നിയമത്തിന് ഒരിക്കലും മുൻകാല പ്രാബല്യമുണ്ടാകില്ല. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റത്തിനുള്ള വ്യവസ്ഥ റദ്ദാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സുപ്രീംകോടതി തീർപ്പാക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.
1962ൽ കേദാർനാഥ് കേസിൽ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ശരിവെച്ചതുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ആവശ്യമായി വന്നത്. മൗലികാവകാശങ്ങൾ സംബന്ധിച്ച അക്കാലത്തെ കുടുസ്സായ ധാരണവെച്ചാണ് കേദാർനാഥ് കേസ് സുപ്രീംകോടതി തീർപ്പാക്കിയതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 19ാം അനുഛേദം മാത്രം വെച്ചാണ് മൗലികാവകാശ ലംഘനം സുപ്രീംകോടതി പരിശോധിച്ചത്. എന്നാൽ, അതിന് പിറകെ വന്ന നിരവധി സുപ്രീംകോടതി വിധികളിലൂടെ ഈ ധാരണമാറി.
ഈ സുപ്രീംകോടതി വിധികളെല്ലാം ഭരണഘടനയുടെ 14,19,21 അനുഛേദങ്ങളുടെ സഹവർതിത്വം ശരിവെച്ചു. അതിനാൽ പുതിയ അഞ്ചംഗ ബെഞ്ചിന് രൂപം നൽകണമെന്നും ഇതിനാവശ്യമായ കേസ് രേഖകൾ രജിസ്ട്രി ചീഫ് ജസ്റ്റിസ് മുമ്പാകെ സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ജാമ്യം കിട്ടുമായിരുന്ന കുറ്റകൃത്യമായിരുന്നു രാജ്യദ്രോഹമെന്നും 1973ൽ പാർലമെന്റ് കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ ജാമ്യം കിട്ടാത്തതാക്കി മാറ്റിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.