കൊൽക്കത്ത: വാശിയേറിയ പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ 142 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. കൊൽക്കത്ത, ഹൗറ, വടക്ക്, തെക്ക് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി, പൂർവ ബർധമാൻ തുടങ്ങിയ കേന്ദ്രങ്ങളിൽ ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ. 142 സീറ്റുകളിൽ 2021ൽ തൃണമൂൽ 123 സീറ്റുകളും ബി.ജെ.പി 18 സീറ്റുകളും ഐ.എസ്.എഫ് ഒരു സീറ്റും നേടിയിരുന്നു.
ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജിയും ഇന്ന് ജനവിധി തേടും. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. കോൺഗ്രസും സി.പി.എമ്മും എസ്.യു.സി.ഐയും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. തെക്കൻ ബംഗാൾ 2021ലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒപ്പം നിന്ന മേഖലയാണെന്നും മമത ബാനർജിയുടെ ഭരണം തുടരുമെന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
കഴിഞ്ഞ തവണ 123 സീറ്റുകളാണ് പാർട്ടി നേടിയത്. അതേസമയം, തെക്കൻ ബംഗാളിലെ തൃണമൂൽ കോട്ടകൾ തകർക്കാതെ അധികാരത്തിലെത്തില്ലെന്ന് ബി.ജെ.പിയുടെ സംസ്ഥാന നേതാവ് പ്രതികരിച്ചു. നോർത്ത് 24 പർഗാനകൾ, കൊൽക്കത്ത, ഹൗറ എന്നിവിടങ്ങളിലാണ് മാറ്റം സംഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് 24 പർഗാനയിൽ മാത്രം 33 സീറ്റുകളുണ്ട്. സൗത്ത് 24 പർഗാനയിൽ 31, ഹൗറ 16, നാദിയ 17, ഹൂഗ്ലി 18, പൂർവ ബർധമാൻ 16, കൊൽക്കത്ത 11 എന്നിങ്ങനെയാണ് സീറ്റുകൾ. 2021ൽ കൊൽക്കത്തയിലെ 11ഉം ഹൗറയിലെ 16ഉം സൗത്ത് 24 പർഗാനകളിലെ 31ൽ 30 സീറ്റുകളും തൃണമൂൽ സ്വന്തമാക്കിയിരുന്നു. നോർത്ത് 24 പർഗാനയിലെ 33 സീറ്റുകളിൽ 28ഉം ഹൂഗ്ലിയിലെ 18ൽ 14ഉം നാദിയയിലെ 17ൽ എട്ട് സീറ്റുകളും പാർട്ടി സ്വന്തമാക്കി.
93.19 ശതമാനമാണ് ആദ്യഘട്ട പോളിങ്. ഇതിനകം 100 സീറ്റ് കടന്നതായി മമത ബാനർജി അവകാശപ്പെട്ടിരുന്നു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) വന്നതോടെ കനത്തപോരാട്ടം വോട്ടർ പട്ടികയിലാണ് നടക്കുന്നത്. നോർത്ത് 24 പർഗാനയിൽ 12.6 ലക്ഷവും സൗത്ത് 24 പർഗാനയിൽ 10.91 ലക്ഷവും വോട്ടുകൾ വെട്ടിമാറ്റിയിട്ടുണ്ട്. കൊൽക്കത്തയിൽ 6.97 ലക്ഷവും ഹൗറയിൽ ആറ് ലക്ഷവും, ഹൂഗ്ലിയിൽ 4.68 ലക്ഷവും നാദിയയിൽ 4.85 ലക്ഷവും പേരുടെ വോട്ടുകൾ നഷ്ടമായി. ഇതിൽ മരിച്ചവരും സ്ഥലംമാറിപ്പോയവരുമാണ് കൂടുതലും.
ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാർ, ദരിദ്രരായ ബംഗാളി സംസാരിക്കുന്ന വോട്ടർമാർ എന്നിവരെ ലക്ഷ്യംവെച്ചുള്ള വെട്ടിമാറ്റൽ നടന്നതായി തൃണമൂൽ ആരോപിക്കുന്നു. വ്യാജ പേരുകളും അനധികൃത നുഴഞ്ഞുകയറ്റവും കാരണം വർഷങ്ങളായി വോട്ടർ പട്ടികയിൽ കൃത്യതയില്ലായിരുന്നെന്നാണ് ബി.ജെ.പി വാദം. മമത മത്സരിക്കുന്ന ഭവാനിപ്പൂരിൽ അര ലക്ഷം വോട്ടുകൾ വെട്ടിമാറ്റിയിട്ടുണ്ട്. എല്ലാം എതിർപ്പുകളെയും കേന്ദ്രഭരണ സ്വാധീനത്തെയും മറികടന്ന് മുന്നേറുമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. കേരളത്തിനും തമിഴ്നാടിനും അസമിനും പോണ്ടിച്ചേരിക്കുമൊപ്പം മേയ് നാലിനാണ് ഫലമറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.