എസ്.ഡി.പി.ഐ അണ്ണാ ഡി.എം.കെയുമായി അടുക്കുന്നു; ആറ് ലോക്സഭ സീറ്റുകളുടെ പട്ടിക തയാർ

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) തീരുമാനം. മത്സരിക്കാൻ താൽപര്യമുള്ള ആറു ലോക്സഭ മണ്ഡലങ്ങളുടെ പട്ടിക എസ്.ഡി.പി.ഐ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ചെന്നൈ സെൻട്രൽ കൂടാതെ രാമനാഥപുരം, മയിലാടുതുറൈ, പൊള്ളാച്ചി, ദിണ്ടിഗൽ, ഈറോഡ് സീറ്റുകളാണ് പട്ടികയിലുള്ളത്.

സഖ്യ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലെങ്കിലും സീറ്റ് പങ്കിടൽ ചർച്ച അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് സീറ്റുകൾ ആവശ്യപ്പെടാനാണ് എസ്.ഡി.പി.ഐ തീരുമാനം.

ബി.ജെ.പി സഖ്യം അവസാനിപ്പിച്ച സാഹചര്യത്തിലാണ് എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കാൻ അണ്ണാ ഡി.എം.കെ നീക്കം തുടങ്ങിയത്. ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചത് വഴി നഷ്ടമായ ന്യൂനപക്ഷ പിന്തുണ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് അണ്ണാ ഡി.എം.കെ.

മുസ്‌ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി എന്നീ പാർട്ടികൾ ഡി.എം.കെ സഖ്യത്തിൽ തുടരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് എസ്.ഡി.പി.ഐയെ കൂടെകൂട്ടാനുള്ള അണ്ണാ ഡി.എം.കെ തന്ത്രം. അടുത്തിടെ മധുരയിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പങ്കെടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ദീർഘകാലമായി ജയിലിൽ കഴിയുന്ന മുസ്‌ലിം വിഭാഗക്കാരായ ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച വിഷയം എടപ്പാടി പളനിസ്വാമി തമിഴ്നാട് നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷൻ നെല്ലായി മുബാറക്കും പാർട്ടി ഭാരവാഹികളും പളനിസ്വാമിയെ സന്ദർശിക്കുകയും ചെയ്തു.

കൂടാതെ, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം, തമീമം അൻസാരിയുടെ മനിതനേയ ജനനായക പാർട്ടി (എം.ജെ.കെ) എന്നീ പാർട്ടികളുടെ പ്രതിനിധികൾ പളനിസ്വാമിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇതൊരു തെരഞ്ഞെടുപ്പ് സഖ്യത്തിൽ എത്തിയില്ല. പളനിസ്വാമിയെ മുഖ്യാതിഥിയാക്കി വെല്ലൂരിൽ പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉവൈസിയുടെ പാർട്ടി. 

കഴിഞ്ഞ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) പാർട്ടിക്കൊപ്പമായിരുന്നു എസ്.ഡി.പി.ഐ. ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥി 25000 വോട്ട് പിടിച്ചിരുന്നു.

Tags:    
News Summary - SDPI closes with Anna DMK; List of six Lok Sabha seats prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.