രാജ്യദ്രോഹ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടേതുൾപ്പടെ, നിയമത്തിനെതിരായ 12 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് താൽകാലികമായി മരവിപ്പിച്ച് ഏഴുമാസങ്ങൾക്ക് ശേഷമാണ് സുപ്രീംകോടതി ഹരജികളിൽ വാദം കേൾക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികൾ പരിഗണിക്കുക. നിയമത്തിന്‍റെ പുനഃപരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

മേയ് 11നാണ് രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചത്. നിയമത്തിന്‍റെ പുനഃപരിശോധന പൂർത്തിയാകുന്നത് വരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയിരുന്നു. കേസുകൾ രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. നിലവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് 1890ലാണ് രാജ്യദ്രോഹ നിയമം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ചേർക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം.

Tags:    
News Summary - SC to hear pleas challenging constitutional validity of sedition law today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.