തെലങ്കാനയിൽ മാത്രം 1023 ആത്മഹത്യ, രാജ്യത്ത് യുവാക്കൾ അപകടത്തിൽ; ബെറ്റിങ് ആപ്പുകൾ നിരോധിക്കണമെന്ന ഹരജിയിൽ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി. ചൂതാട്ടത്തെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തെ യുവാക്കൾ നേരിടുന്ന അപകട സാധ്യതയും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചത്.

സാമൂഹിക പ്രവർത്തകനും രാഷ്ട്രീയക്കാരനുമായ ഡോ. കെ.എ. പോൾ സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇത്തരം ബെറ്റിങ് ആപ്പുകളുടെ സ്വാധീനം മൂലം കുട്ടികളെ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് മാതാപിതാക്കളെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്ന് കോടതിയിൽ ഹാജരായ പോൾ അവകാശപ്പെട്ടു.

പ്രശസ്ത നടൻമാർ, ക്രിക്കറ്റ് താരങ്ങൾ, ഓൺലൈൻ ഇൻഫ്ലുവൻസേർസ് ഉൾപ്പെടെ ഇത്തരം ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കൾ ഇവയിലേക്ക് ആകർഷിക്കപ്പെടുന്നുതിന് കാരണമാകുന്നുവെന്ന് ഹരജിക്കാരൻ ആരോപിച്ചു.

25ലധികം ബോളിവുഡ്, ടോളിവുഡ് താരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതിയിൽ ഹരജിക്കാരൻ അറിയിച്ചു. തെലങ്കാനയിൽ മാത്രം ബെറ്റിങ് ആപ്പുകൾ മൂലം 1023 പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന തരത്തിൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾ വഴി നിയമവിരുദ്ധമായി ജനങ്ങളെ കുടുക്കുകയാണെന്ന് പോൾ ആരോപിച്ചു. വിഷയത്തിന്‍റെ ഗൗരവം കോടതിക്ക് വ്യക്തമായിട്ടുണ്ടെന്നും എന്നാൽ നിയമം നടപ്പാക്കുന്നതിലൂടെ മാത്രം ഇവയെ തടയാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - SC issues notice to Centre on plea to ban betting apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.