ന്യൂഡൽഹി: ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള പുതിയ ഹരജികൾ പരിഗണിക്കരുതെന്ന് സുപ്രീംകോടതി. 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പരാമർശം. നിയമത്തിന്റെ ഭരണഘടന സാധുതയിൽ തീരുമാനമെടുക്കുന്നത് വരെ ഹരജികൾ പരിഗണിക്കരുതെന്നാണ് സുപ്രീംകോടതി നിർദേശം.
ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാവാൻ പാടില്ല. പുതിയ സർവേകൾക്കും കീഴ്കോടതികൾ ഉത്തരവിടരുതെന്നും സുപ്രീംകോടതിയുടെ നിർദേശമുണ്ട്.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നാലാഴ്ചക്കുള്ളിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. നിയമത്തിലെ സെക്ഷൻ 2,3,4 എന്നിവയിലാണ് കോടതിയിൽ പുനഃപരിശോധനയുണ്ടാവുക. ഈ വകുപ്പുകൾ മതകേന്ദ്രങ്ങളുടെ പരിവർത്തനം തടയുന്നു. ആരാധനാലയങ്ങളിൽ 1947ലെ സ്ഥിതി തുടരണമെന്നാണ് ഈ വകുപ്പുകൾ പറയുന്നത്.
2020ൽ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് നിയമം സംബന്ധിച്ച് ആദ്യം ഹരജി നൽകിയത്. തുടർന്ന് ഇതുസംബന്ധിച്ച് കൂടുതൽ ഹരജികൾ കോടതിക്ക് മുമ്പാകെ എത്തുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ തൽസ്ഥിതി തുടരണം എന്ന വ്യവസ്ഥ അടക്കമുള്ളവ ചോദ്യം ചെയ്താണ് ഹരജികൾ സമർപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.