ന്യൂഡൽഹി: പാപ്പരായ കമ്പനികളുടെ കടബാധ്യത ജാമ്യം നിന്ന പ്രമോട്ടർമാരിൽനിന്ന് ബാങ്കുകൾക്ക് ഇൗടാക്കാമെന്ന് സുപ്രീംകോടതി. പാപ്പർ ചട്ടപ്രകാരം (ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്-ഐ.ബി.സി) 2019 നവംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് ശരിവെച്ചാണ് എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിെൻറ സുപ്രധാന വിധി. കേന്ദ്ര ഉത്തരവിനെതിരെ സമർപ്പിച്ച 75 ഹരജികൾ തള്ളിയാണ് സുപ്രീംകോടതി വിധിയെന്നതും ശ്രദ്ധേയം. വായ്പയെടുക്കുന്ന കമ്പനി അത് തിരിച്ചടക്കാതെ വന്നാൽ, വായ്പക്ക് ജാമ്യം നിന്നവരുടെ വ്യക്തിഗത ആസ്തികളിൽനിന്നും അത് തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് ഇനിമുതൽ സാധിക്കും. ആൾജാമ്യക്കാരിൽനിന്ന് കിട്ടാക്കടം ഈടാക്കാൻ നടപടി തുടങ്ങിയാൽ അവർ കോടതിയെ സമീപിച്ച് ബാങ്കുകളെ അതിൽനിന്ന് തടസ്സപ്പെടുത്തുന്ന സമീപനമാണ് നിലവിൽ തുടർന്നു പോരുന്നത്.
കിങ്ഫിഷർ എയർലൈൻസിന് ബാങ്കുകളുടെ കൺസോർട്യം 9000 കോടി രൂപ വായ്പ നൽകുകയും തുടർന്ന് അത് തിരിച്ചടക്കാതെ കമ്പനി മേധാവി വിജയ് മല്യ രാജ്യം വിടുകയും ചെയ്തിരുന്നു. വ്യക്തിഗത ആസ്തികളിൽനിന്ന് വായ്പത്തുക ഈടാക്കാൻ ബാങ്കുകൾ നടപടി തുടങ്ങിയപ്പോൾ മല്യ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഈ രീതിയിലെ തടസ്സമാണ് സുപ്രീംകോടതി വിധിയിലൂടെ നീങ്ങിക്കിട്ടുന്നത്.
അതോടൊപ്പം വായ്പയെടുക്കുന്ന കമ്പനികളുടെ പ്രമോട്ടർമാരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാനും കോടതിവിധി വഴിതുറക്കും. വായ്പ സ്വീകരിക്കുന്ന സമയത്ത് പ്രമോട്ടർമാർ അവരുടെ യഥാർഥ ആസ്തി വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ വിധി കടബാധ്യതയിൽപെട്ട വിവിധ കമ്പനികളുടെ മേധാവികളായ അനിൽ അംബാനി, സഞ്ജയ് സിംഗാൾ, വേണുഗോപാൽ ധൂത് തുടങ്ങിയവർക്ക് വൻ തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.