22 വർഷത്തെ ജയിൽവാസം, ഒടുവിൽ മോചനം; അപ്പീൽ തള്ളിയ ഹൈകോടതി നടപടിയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 22 വർഷമായി തടവിൽ കഴിയുന്ന പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതി നൽകിയ അപ്പീൽ വൈകിപ്പോയി എന്ന സാങ്കേതിക കാരണത്താൽ തള്ളിയ ഒറീസ ഹൈകോടതിയുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഹൈകോടതിയുടെ ഈ സമീപനം 'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്' എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അർജുൻ ജാനി എന്ന പ്രതിക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

2006-ലാണ് കീഴ്ക്കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ വിധിക്കെതിരെ ഒമ്പത് വർഷത്തോളം വൈകിയാണ് പ്രതി ഹൈകോടതിയെ സമീപിച്ചത്. അപ്പീൽ നൽകാൻ 3157 ദിവസത്തെ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടി 2016ൽ ഹൈകോടതി ഹരജി തള്ളുകയായിരുന്നു. എന്നാൽ, പ്രതി ഇതിനോടകം 12 വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരുന്നുവെന്നും ജയിലിൽ നിന്നാണ് അപ്പീൽ നൽകിയതെന്നുമുള്ള വസ്തുത ഹൈകോടതി പരിഗണിക്കേണ്ടതായിരുന്നു എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ കോടതികൾ സഹാനുഭൂതിയോടെയും പ്രായോഗികമായും കാര്യങ്ങളെ കാണണമെന്നും കോടതി ഓർമ്മിപ്പിച്ചു.

ദരിദ്രനായ പ്രതിയെ കുടുംബം ഉപേക്ഷിക്കുകയും കൃത്യമായ നിയമസഹായം ലഭിക്കാതിരിക്കുകയും ചെയ്തതാണ് അപ്പീൽ വൈകാൻ കാരണമായത്. ജീവിതത്തിലെ 22 വർഷങ്ങൾ അദ്ദേഹം ജയിലിനുള്ളിൽ കഴിച്ചു കൂട്ടി. ഒരിക്കൽ പോലും പരോളോ ഫർലോയോ ലഭിക്കാതെയായിരുന്നു ഈ ജയിൽവാസം. ഈ സാഹചര്യത്തിൽ കേസ് വീണ്ടും ഹൈകോടതിക്ക് വിടുന്നത് അർത്ഥശൂന്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി പ്രതിയെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഇദ്ദേഹത്തെ വിട്ടയക്കണം. ശിക്ഷാ ഇളവിനായുള്ള അപേക്ഷ തയ്യാറാക്കാൻ പ്രതിയെ സഹായിക്കണമെന്ന് കൊരാപുട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 

Tags:    
News Summary - SC acquits man after 22 years in jail, raps Orissa High Court for nixing delayed appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.