റാഞ്ചി: പൈശാചിക ശക്തികൾ സർക്കാരിനെ താഴെയിടാൻ നോക്കുന്നതായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. അനധികൃത ഖനനത്തിന്‍റെ പേരിൽ ഝാർഖണ്ഡ് മുക്തി മോർച്ച എം.എൽ.എ ആയ സോറനെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ഖനന കരാർ സ്വയം നീട്ടിയെടുത്തതിനെതിരെ ബി.ജെ.പി ഹരജി നൽകുകയായിരുന്നു.
എന്നാൽ ഇതിലൊന്നും തളരില്ലെന്നും അവസാന ശ്വാസം വരെ പൊരുതി നിൽക്കുമെന്നും ലത്തേഹറിൽ നടന്ന പരിപാടിയിൽ സോറൻ പറഞ്ഞു. പ്രതിപക്ഷവും എതിരാളികളുമല്ല ജനങ്ങളാണ് തന്‍റെ പാർട്ടിയെ തെരഞ്ഞെടുത്തതെന്നും പാർട്ടിയെ തകർക്കാൻ ഇ.ഡി, സി.ബി.ഐ, ലോക്പാൽ, ഇൻകം ടാക്സ് വകുപ്പ് തുടങ്ങിയ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗപ്പെടുത്തുകയാണെന്നും സോറൻ പറഞ്ഞു.
ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു സോറൻ സംസാരിച്ചത്. കഴിഞ്ഞ 20 വർഷമായി സംസ്ഥാനത്തെ നശിപ്പിക്കുവാൻ ഒരു സംഘം ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും ആരോപിച്ചു.
"കോവിഡ് മഹാമാരിയെ ചെറുക്കാൻ നടത്തിയ സർക്കാർ ശ്രമങ്ങളെ ചില പൈശാചിക ശക്തികൾ തടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും സർക്കാരിനെ തളർത്തിയിട്ടില്ല. ഗോത്ര സമുദായക്കാരനാണ് ഞാൻ. ഞങ്ങളുടെ പാരമ്പര്യത്തിൽ ഭയമെന്നൊന്നില്ല. അവസാനം വരെ പൊരുതും," സോറൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.