ശശികുമാര്‍ വധം: പൊലീസ് ഇരുട്ടില്‍ തപ്പുന്നു

കോയമ്പത്തൂര്‍: നഗരത്തില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ശശികുമാറിന്‍െറ കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭ്യമാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അന്വേഷണം സി.ബി.സി.ഐ.ഡി ഏറ്റെടുത്തിട്ടും പുരോഗതി ഉണ്ടായില്ല. നേരത്തേ ലോക്കല്‍ പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ വിവരങ്ങളും മാത്രമാണ് അന്വേഷണസംഘത്തിന്‍െറ പക്കലുള്ളത്.സെപ്റ്റംബര്‍ 22ന് രാത്രി 11ഓടെയാണ് സ്കൂട്ടറില്‍ വരികയായിരുന്ന ശശികുമാറിനെ തുടിയല്ലൂരിന് സമീപം സുബ്രമണ്യപാളയത്തുവെച്ച് അജ്ഞാതസംഘം വെട്ടിക്കൊന്നത്.

ഇതേതുടര്‍ന്ന് നഗരത്തിലും പരിസരങ്ങളിലും ന്യൂനപക്ഷ വിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുംനേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപക അക്രമം നടത്തി. കൊലപാതകക്കേസിലെ പ്രതികളെ കണ്ടത്തൊനാവാതെ പൊലീസ് കടുത്ത സമ്മര്‍ദത്തിലാണ്. ഗാന്ധിപുരം ടൗണ്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ വി.കെ.കെ. മേനോന്‍ റോഡിലെ പ്രസന്നലക്ഷ്മി ബേക്കറിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. അതിനിടെ, രണ്ടുദിവസം മുമ്പ് ഹിന്ദുമുന്നണി കുറിച്ചി സെക്രട്ടറി പോത്തന്നൂര്‍ മേട്ടൂര്‍ നാച്ചിമുത്തുകൗണ്ടര്‍വീഥി ആനന്ദ്കുമാര്‍ (31) ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് വിവാദമായിട്ടുണ്ട്.

ദേഹമാസകലം പൊള്ളലേറ്റ് അത്യാസന്ന നിലയില്‍ ഇയാളെ കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശശികുമാറിന്‍െറ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെയും പൊലീസ് നടപടി ഉണ്ടാവുമെന്ന് ഭയന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആനന്ദ്കുമാര്‍ പൊലീസിന് മൊഴി നല്‍കി. പുതിയ സാഹചര്യത്തില്‍ സംഘടനക്കുള്ളിലുള്ള ഭിന്നത ശശികുമാറിന്‍െറ കൊലപാതകത്തിലേക്ക് നയിച്ചതാവാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

പൊലീസിന്‍െറ അന്വേഷണം ഈ ദിശയിലേക്കും നീങ്ങുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആനന്ദ്കുമാറിനെ സന്ദര്‍ശിച്ച ഹിന്ദുമുന്നണി തമിഴ്നാട് പ്രസിഡന്‍റ് കാടേശ്വര സി. സുബ്രഹ്മണ്യന്‍, യഥാര്‍ഥ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്ന് ആവശ്യപ്പെട്ടു. കേസന്വേഷണം വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ശശികുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന്‍െറ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്ത സാഹചര്യത്തില്‍ 14  ഫോട്ടോകളാണ് പൊലീസ് പുറത്തുവിട്ടത്. കൊലപാതകം നടന്ന സമയത്ത് ബേക്കറിക്ക് മുന്നില്‍ ബൈക്കുകളിലായി എത്തിയ നാലംഗസംഘത്തിന്‍െറ ഫോട്ടോകളാണ് പുറത്തുവിട്ടത്. ബേക്കറിക്ക് സമീപമുള്ള പാര്‍ട്ടി ഓഫിസില്‍നിന്ന് ശശികുമാര്‍ രാത്രി പത്തരക്കാണ് വീട്ടിലേക്ക് തിരിച്ചത്. ബേക്കറിയില്‍നിന്ന് 13 കിലോമീറ്റര്‍ അകലെവെച്ചാണ് കൊല നടന്നത്. ഫോട്ടോയില്‍ കാണുന്നവര്‍ക്ക് നഗരത്തിലെ അവിനാശി റോഡ് പി.ആര്‍.എസ് കാമ്പസിലെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷനില്‍ (എസ്.ഐ.ഡി) നേരില്‍ ഹാജരാവാം. ഫോട്ടോയിലുള്ളവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ക്ക് ചെന്നൈയിലെ എസ്.ഐ.ഡി എ.എസ്.പി ജി. സ്റ്റാലിനെ 94981 04441 എന്ന നമ്പറിലും sidcbcidcbe@gmail.com എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Tags:    
News Summary - sasikumar murder case cctv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.