കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ

യു.പി.ഐ ചതിച്ചു, സമൂസ വാങ്ങിയതിന്‍റെ പണം നൽകാനായില്ല; യാത്രക്കാരന്‍റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് വിൽപനക്കാരൻ -വിഡിയോ വൈറൽ

ജബൽപൂർ: സമൂസ വാങ്ങിയതിന്‍റെ പണം ഡിജിറ്റൽ പേയ്മെന്‍റ് വഴി കൈമാറാൻ ശ്രമിച്ച് പരാജയപ്പെട്ട റെയിൽവേ യാത്രക്കാരനെ കൈയേറ്റം ചെയ്ത് വിൽപനക്കാരൻ. മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ സ്റ്റേഷനിലാണ് സമൂസ വിൽപനക്കാരനിൽ നിന്ന് യാത്രക്കാരന് മോശം അനുഭവം ഉണ്ടായത്.

യാത്രക്കാരൻ ആവശ്യപ്പെട്ട് പ്രകാരമാണ് സഹയാത്രികൻ റെയിൽവേ പ്ലാറ്റ്ഫോമിലെ വിൽപനക്കാരനിൽ നിന്ന് സമൂസ വാങ്ങിയത്. തുടർന്ന് യു.പി.ഐ പേയ്മെന്‍റ് വഴി പണം നൽകാൻ ശ്രമിച്ചു. എന്നാൽ, ഡിജിറ്റൽ പേയ്മെന്‍റ് നടന്നില്ല. ഈ സമയത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ഓടി തുടങ്ങുകയും ചെയ്തു. പണം നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ വാങ്ങിയ സമൂസ തിരിരെ വിൽപനക്കാരന് നൽകാൻ യാത്രക്കാരൻ ശ്രമിച്ചു.

എന്നാൽ, വിൽപനക്കാരൻ യാത്രക്കാരനെ കോളറിൽ പിടിച്ച് നിർത്തുകയും ട്രെയിനിൽ കയറുന്നതിന് തടസ്സം നിൽക്കുകയും ചെയ്തു. തന്‍റെ സമയം നഷ്ടപ്പെടുത്തിയ യാത്രക്കാരൻ, പണം നൽകാതെ പോകാനാണ് ശ്രമിച്ചതെന്ന് ആക്ഷേപിച്ചായിരുന്നു സമൂസ വിൽപനക്കാരന്‍റെ കൈയേറ്റം. ഈ സന്ദർഭത്തിൽ ട്രെയിൻ നഷ്ടപ്പെടാതിരിക്കാനായി യാത്രക്കാരൻ തന്‍റെ കൈയിൽ കെട്ടിയ വാച്ച് സമൂസ വിൽപനക്കാരന് നൽകേണ്ടി വന്നു. ഡിജിറ്റൽ വാച്ച് ലഭിച്ചതിന് പിന്നാലെയാണ് യാത്രക്കാരനെ വിൽപനക്കാരൻ പോകാൻ അനുവദിച്ചത്.

കൈയേറ്റ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തുകയും 'ജബൽപൂർ റെയിൽവേ സ്റ്റേഷനിലെ ലജ്ജാകരമായ സംഭവം' എന്ന അടിക്കുറിപ്പോടെ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായി.

സമൂഹ്യ മാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് യാത്രക്കാരിൽ നിന്നും നെറ്റിസൺസിൽ നിന്നും ഉയർന്നത്. ഒക്ടോബർ 17ന് നടന്ന സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

എക്സ് പോസ്റ്റിനോട് പ്രതികരിച്ച ജബൽപൂർ ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) യാത്രക്കാരന്‍റെ കോളറിന് പിടിച്ച വിൽപനക്കാരനെ തിരിച്ചറിഞ്ഞെന്നും കുറ്റക്കാരനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) കേസ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു. കസ്റ്റഡിയിലെടുത്ത വിൽപനക്കാരന്‍റെ കച്ചവട ലൈസൻസ് റദ്ദാക്കാൻ റെയിൽവേ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 


Tags:    
News Summary - Samosa vendor drags customer by collar after UPI payment fails. Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.