ന്യൂഡൽഹി: സോഫിയ ഖുറേഷിയെ ബി.ജെ.പി മന്ത്രി വിമർശിച്ചത് മുസ്‍ലിമായതിനാലാണെന്ന് എസ്.പി നേതാവ് രാംഗോപാൽ യാദവ്. വിങ് കമാൻഡർ വ്യോമിക സിങ്ങിനെ വിമർശിക്കാത്തിന് കാരണം ജാതി സംബന്ധിച്ച തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
മൊറാദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് എസ്.പി നേതാവിന്റെ പ്രതികരണം. ബി.ജെ.പി മന്ത്രിമാരിൽ ഒരാൾ കേണൽ ഖുറേഷിയെ അധിക്ഷേപിച്ചു. അവർ മുസ്‍ലിമായതിനാലാണ് അങ്ങനെ ചെയ്തത്. എന്നാൽ, വ്യോമിക സിങ്ങിനേയോ, എയർ മാർഷൽ എ.കെ ഭാരതിയേയോ കുറിച്ച് മന്ത്രി അറിഞ്ഞിരുന്നുവെങ്കിൽ അവർക്കെതിരെയും വിമർശനം ഉന്നയിക്കുമായിരുന്നു.
വ്യോമിക സിങ് ഹരിയാനയിൽ നിന്നുള്ള ജാതവ് വിഭാഗക്കാരിയാണ്. ഭാരതി പൂർണിയയിൽ നിന്നുള്ള യാദവ് വിഭാഗക്കാരിയാണ്. മൂന്ന് പേരും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വ്യോമിക സിങ് രജ്പുത്ത് വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് വിചാരിച്ചാണ് ബി.ജെ.പി വിമർശനം ഉന്നയിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാമത്തെയാളെ കുറിച്ച് കൃത്യമായ വിവരം ഇല്ലാത്തതിനാലാണ് വിമർശനം ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, എസ്.പി നേതാവിന്റെ പ്രസ്താവനയിൽ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. സായുധസേനയെ അപമാനിക്കാനുള്ള ശ്രമമാണ് യാദവ് നടത്തിയതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതിയുടെ കണ്ണിലൂടെ ആരും ഇന്ത്യൻസേനയെ നോക്കികാണില്ല. രാഷ്ട്രധർമ്മമാണ് സൈന്യം നടത്തുന്നത്. ജാതിയുടേയും മതത്തിന്റേയും പ്രതിനിധിയല്ല സൈനികരെന്നും അദ്ദേഹം പറഞ്ഞു.
യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബി.എസ്.പി അധ്യക്ഷ മായാവതിയും പ്രസ്താവനക്കെതിരെ രംഗത്തെത്തി. സൈന്യത്തെ ജാതിയുടേയും മതത്തിന്റേയും പേരിൽ വിഭജിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.