സെയ്ഫ് അലി ഖാനെ കുത്തിയത് ബംഗ്ലാദേശിലെ മുൻദേശീയ ഗുസ്തി ചാമ്പ്യൻ?

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപിച്ചയാൾ ബംഗ്ലാദേശിലെ മുൻ ദേശീയ ഗുസ്തി ചാമ്പ്യനെന്ന് റിപ്പോർട്ട്. വിജയ് ദാസ് എന്ന പേരിൽ മുംബൈയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്സാദാണ് കേസിൽ പിടിയിലായത്.

കഴിഞ്ഞ 16ന് അർധ രാത്രി ബാന്ദ്രയിലെ സെയ്ഫിന്‍റെയും കരീനയുടെയും വീട്ടിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ പ്രതി, നടനെ കുത്തിപ്പരിക്കേൽപിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. 19ന് താനെയിൽനിന്നാണ് പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്. ബംഗ്ലാദേശിലെ ജില്ലാതല, ദേശീയതല ഗുസ്തി ചാമ്പ്യനായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗുസ്തിയിലെ പരിചയമാകാം സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഫ്ലാറ്റിൽ അതിക്രമിച്ചു കയറുന്നതിനും സെയ്ഫിനെ കുത്തുന്നതിനും സഹായിച്ചതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സംഭവത്തിനു പിന്നാലെ ദാദർ, വർലി, അന്ധേരി എന്നിവിടങ്ങളിൽ കറങ്ങിയാണ് പ്രതി താനെയിലെത്തിയത്. ഇവിടെ ഒരു ലേബർ ക്യാമ്പിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. വർലിയിൽ താമസിക്കുന്ന സമയത്ത് മറ്റൊരു മോഷണം നടത്തിയതായും പൊലീസ് കണ്ടെത്തി.

പ്രതിയെ മുംബൈ കോടതി ജനുവരി 24വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മാസങ്ങൾക്ക് മുമ്പ് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പ്രതി മുംബൈയിൽ താമസിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ താനെ ജില്ലയിലെ ഗോഡ്ബന്ദർ റോഡിലെ ഹിരാനന്ദാനി എസ്റ്റേറ്റിൽ നിന്നാണ് അക്രമിയെ പിടികൂടിയത്. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഛത്തീസ്ഗഢിൽ നിന്നും മറ്റൊരാളെ മധ്യപ്രദേശിൽ നിന്നും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലി ഖാനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്.

സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. നടനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Tags:    
News Summary - Saif Ali Khan's Attacker Was National-Level Wrestler In Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.