മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയമുണ്ടെന്ന് ഡി.സി.പി ദീക്ഷിത് ഗെദാം പറഞ്ഞു. 30കാരനായ മുഹമ്മദ് ഷറഫുൽ ഇസ്‍ലാം ഷഹസാദാണ് കേസിലെ പ്രതി. വിജയ് ദാസ് എന്ന പേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. എന്നാൽ, പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹൗസ്കീപ്പിങ് കമ്പനിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബിജോയ് ദാസ്, വിജയ് ദാസ്, മുഹമ്മദ് ഇല്യാസ് തുടങ്ങിയ പേരുകൾ ഇയാൾ സ്വീകരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം നിരന്തരമായി വാർത്ത ചാനലുകൾ കണ്ട് പൊലീസിന്റെ നീക്കങ്ങൾ മനസിലാക്കുകയായിരുന്നു പ്രതി ചെയ്തത്.
പൊലീസ് കണ്ടെത്താതിരിക്കാൻ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പബിലേക്ക് ജോലിക്ക് എത്തുന്നതിന് മുമ്പ് ഒരു കൺസ്ട്രക്ഷൻ സൈറ്റിലാണ് ഇയാൾ പണിയെടുത്തിരുന്നത്. താനെ വെസ്റ്റിലെ ലേബർ ക്യാമ്പിൽ നിന്നാണ് പൊലീസ് ഞായറാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
നിരന്തരമായി നിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രതി സെയ്ഫ് അലിഖാന്റെ വീട്ടിലേക്ക് എത്തിയത്. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് 54കാരനായ സെയ്ഫിനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.