സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ ഛത്തീസ്ഗഡിൽ പിടിയിൽ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വസതിയിൽവെച്ച് കുത്തേറ്റ സംഭവത്തിൽ, പ്രതിയെന്ന് സംശയിക്കുന്നയാൾ ഛത്തീസ്ഗഡിലെ ദുർഗിൽ പിടിയിൽ. എന്നാൽ ഇയാൾ തന്നെയാണോ സെയ്ഫിനെ ആക്രമിച്ചതെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. പ്രതി എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുന്നതായി മുംബൈ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സുരക്ഷാസേനയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 31കാരനായ ആകാശ് കൈലാഷ് കനൗജിയ എന്നയാളാണ് പിടിയിലായതെന്ന് ആർ.പി.എഫ് അറിയിച്ചു. നേരത്തെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടയാളുമായി ഇയാൾക്ക് സമാനതയുണ്ട്. മുംബൈ പൊലീസ് ദുർഗിലേക്ക് തിരിച്ചിട്ടുണ്ട്.

നേരത്തെ കേസിൽ പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത മറ്റൊരാളെ പൊലീസ് വിട്ടയച്ചിരുന്നു. കേസുമായി ബന്ധമില്ലെന്നും ഇയാൾ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു. സെയ്ഫിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്ത കത്തിയുടെ ഭാഗം കൈപ്പറ്റിയതായും ബാക്കി ഭാഗത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് 54കാരനായ സെയ്ഫിനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.

അടിയന്തര ആവശ്യത്തിനായുള്ള സ്റ്റെയർകേസുവഴി 11-ാം നിലയിലെത്തിയ അക്രമി ഇവിടെ മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. കുത്തേറ്റ സെയ്ഫ് അലി ഖാനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ മുപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കെട്ടിടത്തിലെ ആറാം നിലയിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അക്രമിയെ തിരിച്ചറിയാനായത്.

ബാന്ദ്ര വെസ്റ്റിൽ, നിരവധി ബോളിവുഡ് താരങ്ങളുടെ താമസസ്ഥലമായ 12 നില കെട്ടിടത്തിലാണ് സെയ്ഫ് അലി ഖാൻ, ഭാര്യ കരീന കപൂർ, മക്കൾ എന്നിവർ താമസിക്കുന്നത്. നാല് നിലകളിലായാണ് സെയ്ഫിന്റെ വസതി. ഇതിന്‍റെ തൊട്ടടുത്ത കെട്ടിടം വഴിയാണ് ആക്രമി കയറിയതെന്ന് പൊലീസ് പറയുന്നു. കോമ്പൗണ്ടിനകത്ത് കയറിയ അക്രമി, സ്റ്റെയർകേസ് വഴി സെയ്ഫിന്റെ വസതിയുടെ പിൻവശത്ത് എത്തി. പിന്നീട് ഫയർ എക്സിറ്റ് വഴി അകത്ത് കടക്കുകയായിരുന്നു.

Tags:    
News Summary - Saif Ali Khan Stabbing Case Suspect Detained In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.