സഹാറ-ബിര്‍ള ഡയറിയിലെ മുഴുവന്‍ പേരുകളും അന്വേഷിക്കണം –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സഹാറ-ബിര്‍ള കോഴക്കുറിപ്പുകളിലെ മുഴുവന്‍ പേരുകളും മുന്‍നിര്‍ത്തി അന്വേഷണം നടത്താന്‍ കേന്ദ്രം തയാറാകണമെന്ന് കോണ്‍ഗ്രസ്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അടക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ പണം പറ്റിയതായും ഈ കോര്‍പറേറ്റുകളുടെ കുറിപ്പുകളില്‍ പറയുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ മുതിര്‍ന്ന നേതാവ് ജയ്റാം രമേശാണ് വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രണ്ടു കോര്‍പറേറ്റുകളില്‍നിന്നുമായി 52 കോടി രൂപ പലതവണയായി കൈപ്പറ്റിയതിന്‍െറ രേഖകള്‍ സി.ബി.ഐ റെയ്ഡില്‍ കണ്ടെടുത്തകാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ പുറത്തുവന്ന കൈപ്പടകളിലാണ് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്, സല്‍മാന്‍ ഖുര്‍ശിദ് തുടങ്ങിയവരുടെ പേരുള്ളത്.
ഷീലാ ദീക്ഷിതിന്‍െറ മാത്രമല്ല, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍, ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവരും പണം പറ്റിയതായി ഈ കുറിപ്പുകളിലുണ്ടെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പേര് വന്നിട്ടുള്ളവര്‍ക്കെതിരെയെല്ലാം അന്വേഷണം നടക്കണം. പക്ഷേ, കേന്ദ്രം നിഷ്പക്ഷ അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, സഹാറ ഡയറി അവിടെയും ഇവിടെയും പറയുന്ന കാര്യം മാത്രമാണെന്ന് ഷീലാ ദീക്ഷിത് പ്രതികരിച്ചു.  സത്യത്തിന്‍െറ അംശമില്ലാത്ത ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. ലിസ്റ്റില്‍ പല പേരുകളുമുണ്ട്. അതിനിടയില്‍ ഷീലാ ദീക്ഷിതിനെ മാത്രം ഉന്നംവെക്കുന്നത് എന്തിനാണ്? മറ്റ് മുഖ്യമന്ത്രിമാരുടെയും പേര് അതില്‍ പറയുണ്ട്. അതേക്കുറിച്ച് എന്താണ് പറയാത്തതെന്ന് ഷീലാ ദീക്ഷിത് ചോദിച്ചു.

 

Tags:    
News Summary - sahara diary congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.