സുരക്ഷിത റോഡ് യാത്ര ജീവിക്കാനുളള അവകാശത്തിന്റെ ഭാഗം- സുപ്രീംകോടതി

ന്യൂഡൽഹി: സുരക്ഷിതമായ റോഡ് യാത്രക്കുളള അവകാശം ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന 'ജീവിക്കാനുള്ള അവകാശത്തിന്റെ' ഭാഗമാണെന്ന് സുപ്രീം കോടതി.

തടയാവുന്ന റോഡപകട മരണങ്ങൾ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിലെ വീഴ്ചയാണ്.ജീവിക്കാനുള്ള അവകാശം എന്നത് മരണത്തിൽ നിന്ന് സംരക്ഷണം മാത്രമല്ല, സുരക്ഷിതമായ സാഹചര്യങ്ങൾ ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ ബാധ്യതയുമാണെന്ന്  ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ദേശീയപാതകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി കോടതി രാജ്യവ്യാപകമായി നിരവധി നിർദേശങ്ങളും പുറപ്പെടുവിച്ചു.

ഭാരമേറിയതും വാണിജ്യപരവുമായ വാഹനങ്ങൾ ദേശീയപാതയിലെ കാരിയേജ് വേകളിലോ നടപ്പാതകൾ പാകിയ ഷോൾഡറുകളിലോ പാർക്ക് ചെയ്യാൻ പാടില്ല.ദേശീയപാതയുടെ സമീപ പ്രദേശങ്ങളിൽ എല്ലാ അനധികൃത കയേറ്റങ്ങളെയും നീക്കംചെയ്യണം. ദേശീയ പാതകൾ കടന്നുപോകുന്ന ഓരോ ജില്ലയിലും ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കണം, അപകട ബ്ലാക്ക്‌സ്‌പോട്ടുകൾ തിരിച്ചറിയുകയും പ്രസിദ്ധീകരിക്കുകയും ചെയ്യൽ, ലൈറ്റിംഗ്, സൈനേജുകൾ, വേഗത നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കൽ ,ആംബുലൻസുകളും റിക്കവറി ക്രെയിനുകളും ഹൈവേകളിൽ 75 കിലോമീറ്ററിൽ കൂടാത്ത ഇടവേളകളിൽ സ്ഥാപിക്കണം.

കൈയേറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി അധികാരികൾ ടോൾ ഫ്രീ ഹെൽപ്പ് ലൈനുകളും ഡിജിറ്റൽ പരാതി സംവിധാനങ്ങളും പ്രവർത്തനക്ഷമമാക്കണം, റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം ഒരു അന്തർ സംസ്ഥാന ഏകോപന സംവിധാനം സ്ഥാപിക്കണം, വഴിയോരങ്ങളിൽ വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറികൾ, ഭക്ഷണ സേവനങ്ങൾ, പ്രഥമശുശ്രൂഷ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ സ്ഥാപിക്കണം. ക്യാമറകൾ, സ്പീഡ് ഡിറ്റക്ടറുകൾ, അടിയന്തര കോൾ ബോക്സുകൾ എന്നിവയുൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഹൈവേകളിലുടനീളം പ്രവർത്തനക്ഷമമാക്കണം എന്നിവയാണ് കോടതി പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ.

2025 നവംബറിൽ രാജസ്ഥാനിലെ ഫലോഡി ജില്ലയിലും തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലും 34 പേരുടെ മരണത്തിനിടയാക്കിയ രണ്ട്  അപകടങ്ങളെത്തുടർന്ന്  കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകർപ്പുകൾ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡി.ജി.പിമാർക്കും നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി വിതരണം ചെയ്യണമെന്ന് കോടതി നിർദേശം നൽകി. 75 ദിവസത്തിനുളളിൽ നടപ്പാക്കൽ റിപ്പോർട്ട് സമർപ്പിക്കണം.

Tags:    
News Summary - Safe road travel is part of the right to life: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.