രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രതിയോഗിയായ സചിൻ പൈലറ്റും തുറന്ന ഏറ്റുമുട്ടലിൽ. നവംബറിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനത്ത് പാർട്ടി നയിക്കേണ്ട രണ്ടു നേതാക്കൾ നടത്തുന്ന പോര് ഹൈകമാൻഡിന്‍റെ പുതിയ തലവേദനയായി.

ഇത്തവണ പോരിന് തുടക്കമിട്ടത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ്. മൂന്നു വർഷം മുമ്പ് സർക്കാറിനെ അട്ടിമറിക്കാൻ നടന്ന ശ്രമം പൊളിഞ്ഞത് ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെയും മറ്റു രണ്ട് എം.എൽ.എമാരുടെയും നിലപാടു കൊണ്ടാണെന്ന് ഗെഹ്ലോട്ട് ധോൽപൂരിൽ പ്രസംഗിച്ചു. ബി.ജെ.പി കേന്ദ്ര നേതാക്കളിൽനിന്ന് കൈപ്പറ്റിയ കോടികൾ കോൺഗ്രസ് എം.എൽ.എമാർ തിരിച്ചുകൊടുക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ചൊവ്വാഴ്ച വാർത്തസമ്മേളനം വിളിച്ച് സചിൻ പൈലറ്റ് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചു. ഗെഹ്ലോട്ടിന്‍റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധരയാണെന്ന സ്ഥിതിയായി എന്ന് സചിൻ കുറ്റപ്പെടുത്തി.

വസുന്ധരയുടെ ഭരണകാലത്തെ അഴിമതി അന്വേഷിക്കണമെന്ന് വർഷങ്ങളായി താൻ ആവശ്യപ്പെടുന്നെങ്കിലും മുഖ്യമന്ത്രി അതിനു തയാറാകാത്തതിന്‍റെ കാരണം പിടികിട്ടിയെന്നും സചിൻ പറഞ്ഞു. അജ്മീരിൽനിന്ന് ജയ്പൂരിലേക്ക് ഈ മാസം 11 മുതൽ അഞ്ചു ദിവസത്തെ അഴിമതിവിരുദ്ധ പദയാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് സചിൻ പൈലറ്റ്. കഴിഞ്ഞ മാസം 11ന് സചിൻ ജയ്പൂരിൽ മൗനസത്യഗ്രഹം നടത്തിയിരുന്നു. കോൺഗ്രസ് പതാക ഉപയോഗിക്കാതെ, പാർട്ടി നേതാക്കളെ പങ്കെടുപ്പിക്കാതെയായിരുന്നു അത്. അഴിമതിക്കെതിരായ ഇത്തരമൊരു സത്യഗ്രഹം നടത്തിയ സചിനെതിരെ നടപടി എടുക്കാൻ നേതൃത്വം തുനിഞ്ഞെങ്കിലും, പ്രശ്നങ്ങൾ പെരുകാതിരിക്കാൻ അത് ഒഴിവാക്കി. എന്നാൽ, ഇത്തവണ സ്വന്തം സർക്കാറിനെ പേരെടുത്ത് വിമർശിച്ചാണ് സചിന്‍റെ അഴിമതിവിരുദ്ധ പദയാത്ര.

മാസങ്ങൾക്കു മുമ്പ് ഹൈകമാൻഡ് വിളിച്ച നേതൃയോഗം പോലും ബഹിഷ്കരിച്ച് അച്ചടക്കം ലംഘിച്ച ഗെഹ്ലോട്ടും കൂട്ടരും, തന്നെ കൊറോണയെന്നും ചതിയനെന്നും കഴിവുകെട്ടവനെന്നും വിളിച്ച് അപമാനിച്ചെങ്കിലും ക്ഷമിച്ചു കഴിയുകയായിരുന്നുവെന്ന് സചിൻ പൈലറ്റ് പറഞ്ഞു. സർക്കാറിന്‍റെയും പാർട്ടിയുടെയും പ്രതിച്ഛായയെ കരുതിയായിരുന്നു ഇത്. എന്നാൽ ബി.ജെ.പിയിൽ നിന്ന് പണം പറ്റിയെന്നും മറ്റുമുള്ള ആരോപണമാണ് മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്നത്. ആർക്കെതിരെയാണ് ഈ ആരോപണമെന്നും മൂന്നു വർഷമായിട്ടും നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സചിൻ ചോദിച്ചു.

Tags:    
News Summary - Sachin Pilot's All-Out Attack On Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.