അശോക് ഗെഹ് ലോട്ട്, സച്ചിൻ പൈലറ്റ്
മുൻ ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് സർക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉപവാസമിരിക്കുമെന്ന് സച്ചിൻ പ്രഖ്യാപിച്ചു. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങളും പ്രസ്താവനകളും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നുവെന്ന് രാജസ്ഥാനിലെ ജനങ്ങളെ ബോധ്യപ്പെടുത്താൻ അഴിമതിക്കാർക്കെതിരെ നടപടി അനിവാര്യമാണെന്ന് പൈലറ്റ് പറഞ്ഞു. വ്യാജമദ്യ മാഫിയക്കും നിയമവിരുദ്ധ ഖനനത്തിനും ഭൂമി കൈയേറ്റത്തിനും ലളിത് മോദിക്കും എതിരെ നടപടി എടുക്കുന്നതിൽ അശോക് ഗെഹ് ലോട്ട് പരാജയപ്പെട്ടുവെന്ന് സച്ചിൻ കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ മുൻ ബി.ജെ.പി മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ അഴിമതിയും ദുർഭരണവും ആരോപിക്കുന്ന ഗെഹ് ലോട്ടിന്റെ പഴയ വിഡിയോകൾ കാണിച്ച സച്ചിൻ ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് തുടക്കമിടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. മുൻ ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ തെളിവുണ്ടായിട്ടും കോൺഗ്രസ് സർക്കാർ അതിൽ നടപടിയെടുത്തില്ല. നടപടി സംബന്ധിച്ച് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനാകാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പിലേക്ക് പോകാനാവില്ല. അഴിമതികൾക്കെതിരെ നടപടിയും അന്വേഷണവും വേണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ നിലവിൽവരുമെന്നും സച്ചിൻ പറഞ്ഞു. രാജസ്ഥാൻ സർക്കാറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് നിരവധി നിർദേശങ്ങൾ നൽകിയതാണ്. ഇത്തരം വിഷയങ്ങളിൽ നടപടി വേണമെന്നായിരുന്നു അതിലൊന്ന്.
നടപടി എടുത്തെങ്കിലേ കോൺഗ്രസിലുള്ള ജനങ്ങളുടെ വിശ്വാസം തുടരുകയുള്ളൂ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ രാജസ്ഥാനിൽ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സച്ചിൻ പൈലറ്റും മുഖ്യമന്ത്രി പദം കൈപ്പിടിയിലൊതുക്കിയ അശോക് ഗെഹ് ലോട്ടും തമ്മിൽ തുടരുന്ന പോരിൽ ഒടുവിലത്തേതാണ് ഉപവാസം. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം ഇരുവർക്കുമായി നൽകുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വാക്ക് തള്ളിയ ഗെഹ ലോട്ട് ഒരു തവണ കൂടി മുഖ്യമന്ത്രിയാകാൻ കോപ്പു കൂട്ടുന്നതിനിടയിലാണ് 45കാരനായ സച്ചിന്റെ സമരപ്രവേശനം.
മുഖ്യമന്ത്രി പദം നൽകിയില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന മുന്നറിയിപ്പ് നൽകി 2020ൽ 20 എം.എൽ.എമാരെ കൂട്ടി സച്ചിൻ റിസോർട്ടിലേക്ക് പോയത് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആ നീക്കം പരാജയപ്പെട്ടതോടെ കരുത്തനായി തീർന്ന ഗെഹ് ലോട്ടിനെ മല്ലികാർജുൻ ഖാർഗെയുടെ പേര് വരുന്നതിന് മുമ്പ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിർദേശം സോണിയ ഗാന്ധി മുന്നോട്ടുവെച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം കൈവിടാതെ ഇരുപദവികളും ഒരുമിച്ചു കൈയാളാമെന്നായിരുന്നു ഗെഹ് ലോട്ടിന്റെ നിലപാട്. ഇത് തനിക്കൊപ്പം നിൽക്കുന്നവരെ കൊണ്ട് ഗെഹ് ലോട്ട് പറയിക്കുകയും ചെയ്തു. അതോടെ ഹൈകമാൻഡിന്റെ അപ്രീതിക്കിരയായ ഗെഹ് ലോട്ടിനെ സോണിയ അതൃപ്തി അറിയിച്ചിരുന്നു.
ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പുതിയ പോർമുഖം തുറന്നതിന് പിന്നാലെ കോൺഗ്രസ് കേന്ദ്ര നേതൃത്വം അശോക് ഗെഹ് ലോട്ടിനെ പിന്തുണച്ച് പ്രസ്താവനയുമായി രംഗത്തുവന്നു. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് കീഴിൽ നാഴികക്കല്ലാവുന്ന നേട്ടങ്ങളാണ് കോൺഗ്രസ് കൈവരിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ജനവിധി തേടി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രസ്താവനയിൽ വ്യക്തമാക്കി. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്ര വൻ വിജയമായത് രാജസ്ഥാനിൽ പാർട്ടിയുടെ സമർപ്പണവും നിശ്ചയ ദാർഢ്യവും മൂലമാണെന്നും ജയ്റാം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.