ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരായ പടനീക്കത്തിൽ പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിയോഗി സചിൻ പൈലറ്റ്. ഇതിനകം താൻ ഉന്നയിച്ച വിഷയങ്ങളിൽ 15 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് സചിൻ പ്രഖ്യാപിച്ചു.
മൂന്ന് ആവശ്യങ്ങളാണ് സചിൻ ഉന്നയിക്കുന്നത്. വസുന്ധര രാജെ നയിച്ച കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്തെ അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. ചോദ്യ പേപ്പർ ചോർച്ച മുൻനിർത്തി രാജസ്ഥാൻ പബ്ലിക് സർവിസ് കമീഷൻ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണം. സർക്കാർ റിക്രൂട്ട്മെന്റ് റദ്ദാക്കിയതിന്റെ ദുരിതം അനുഭവിച്ച യുവാക്കൾക്ക് നഷ്ടപരിഹാരം നൽകണം.
അഴിമതിക്കെതിരെ അഞ്ചു ദിവസമായി നടത്തിവന്ന പദയാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു സചിൻ പൈലറ്റ്. ഇതുവരെ ഉപവാസവും പദയാത്രയുമായി സമാധാനപരമായാണ് താൻ നീങ്ങിയതെങ്കിൽ, ഇനി സംസ്ഥാനതലത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സചിൻ വ്യക്തമാക്കി. 15 കോൺഗ്രസ് എം.എൽ.എമാർ സചിനൊപ്പം പദയാത്ര സമാപനത്തിൽ പങ്കെടുത്തു.
അഴിമതിക്കെതിരെ ഒന്നിച്ചു പോരാടേണ്ട സമയമാണെങ്കിലും ഗെഹ്ലോട്ട് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് സചിന്റെ കുറ്റപ്പെടുത്തൽ. ഉന്നയിക്കുന്ന വിഷയങ്ങൾ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ജനങ്ങളുടെ പിന്തുണ കിട്ടുന്നത്. സംസ്ഥാനത്തിന്റെ മുഖം മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ഗെഹ്ലോട്ടും താനും അഴിമതിക്കെതിരെ പൊരുതണം.
എന്നാൽ, പലവട്ടം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നടപടിയൊന്നും സ്വീകരിക്കുന്നില്ല. ആർക്കെതിരെയും ആരോപണം ഉന്നയിക്കുകയല്ല. ആരുമായും വ്യക്തിപരമായി ഉരസലൊന്നുമില്ല. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും, അവസാന ശ്വാസം വരെ രാജസ്ഥാൻകാർക്കുവേണ്ടി പോരാടും. തന്നെ ഭയപ്പെടുത്താനോ ഒതുക്കാനോ കഴിയില്ല. കർണാടകത്തിൽ പാർട്ടി വിജയിച്ചത് ബി.ജെ.പി സർക്കാറിനെതിരെ പോരാടിയതുകൊണ്ടാണെന്നും സചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.