ജയ്പൂർ: കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ പൈലറ്റും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും കൂടിക്കാഴ്ച നടത്തി. പിതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ 25-ാം ചരമവാർഷിക പരിപാടിക്ക് ഗെഹ്ലോട്ടിനെ ക്ഷണിക്കാനാണ് സചിൻ പൈലറ്റ് എത്തിയത്. കടുത്ത ഭിന്നതയിൽ തുടർന്നിരുന്ന ഇരുവരും വർഷങ്ങൾക്ക് ശേഷം കൂടിക്കാഴ്ച നടത്തിയത് രാജസ്ഥാൻ കോൺഗ്രസിലെ മഞ്ഞുരുകലാണെന്ന് വ്യാഖ്യാനങ്ങളുണ്ട്.
2018ലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിന് പിന്നാലെ ഗെഹ്ലോട്ട് മുഖ്യമന്ത്രിയും സചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായിരുന്നു. എന്നാൽ, 2020ൽ ഇരുവരും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക് നയിച്ചു. 2020 ജൂലൈയിൽ സചിൻ പൈലറ്റ് വിമത എം.എൽ.എമാരുമായി ഗെഹ്ലോട്ടിനെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു.
കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിച്ചെങ്കിലും ഇരുവരും പിന്നീട് ഒത്തുപോയിരുന്നില്ല. അഞ്ച് വർഷത്തോളം നീണ്ട അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിലാണ് ഇരുവരും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. 2023ലെ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.