ന്യൂഡൽഹി: പ്രാണപ്രതിഷ്ഠ ഉയർത്തിയ ഹിന്ദുത്വാവേശം മുതലാക്കാൻ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ നേരത്തേയാക്കുമോ? സാധാരണഗതിയിൽ മാർച്ച് രണ്ടാംവാരം വരേണ്ട പ്രഖ്യാപനം ഏതാനും ആഴ്ചകൾ മുമ്പേ വന്നേക്കാമെന്ന് അഭ്യൂഹം. ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഓഫിസർ ജില്ല അധികൃതർക്കയച്ച സർക്കുലർ അതിന് ആക്കം പകർന്നു.
തെരഞ്ഞെടുപ്പ് കമീഷനിൽനിന്നുള്ള നിർദേശപ്രകാരം, ഏപ്രിൽ 16 മുതൽ വോട്ടെടുപ്പ് തുടങ്ങിയേക്കാമെന്ന കണക്കുകൂട്ടലിൽ സമയക്രമം തയാറാക്കി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് സർക്കുലറിലെ നിർദേശം. എന്നാൽ, തയാറെടുപ്പ് പൂർത്തിയാക്കാൻ ഉദ്ദേശിച്ചു മാത്രമാണ് ഇത്തരമൊരു സർക്കുലറെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ പിന്നീട് വിശദീകരിച്ചു.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മാർച്ച് 10നാണ്. ഏപ്രിൽ പകുതിയോടെയാണ് പല ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് തുടങ്ങിയത്. ഇത്തവണ ഒന്നോ രണ്ടോ ആഴ്ച മുമ്പേ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് സാഹചര്യമൊരുക്കാൻ സർക്കാറിന് കഴിയും. എന്നാൽ, കുട്ടികളുടെ പരീക്ഷ തീയതികളടക്കം പല ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
ഈ മാസം 31ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് മറ്റു നടപടികൾ പൂർത്തിയാക്കി പിരിയാൻ നിശ്ചയിച്ചിരിക്കുന്നത് ഫെബ്രുവരി ഒമ്പതിനാണ്. തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ അതിനു മുമ്പ് തറക്കല്ലിടൽ-ഉദ്ഘാടന-പദ്ധതി പ്രഖ്യാപന പരിപാടികൾ സർക്കാറിന് പൂർത്തിയാക്കേണ്ടതുമുണ്ട്. പാർലമെന്റ് സമ്മേളനം നേരത്തേ അവസാനിപ്പിച്ച് ഫെബ്രുവരി അവസാനവാരം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം സർക്കാറിന്റെ രാഷ്ട്രീയനേട്ടങ്ങൾകൂടി വിലയിരുത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.