‘കശ്മീരികളെ ലക്ഷ്യമിടുന്നത് എളുപ്പമായി’; ബി.ജെ.പി നടപടികൾക്കെതിരെ റൂഹുല്ല മെഹ്ദി എം.പി
ശ്രീനഗർ: കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുപകരം കേന്ദ്ര സർക്കാർ മേഖലയെ ധ്രുവീകരിക്കുകയും കശ്മീരികൾക്കെതിരെ ശത്രുതാപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി നാഷണൽ കോൺഫറൻസ് എം.പി ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. ഹരിയാനയിലെ കർണാലിൽ കശ്മീരിലേക്കുള്ള ബസിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച പ്രതികരണത്തിലാണ് അദ്ദേഹം ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്.
2019 മുതൽ ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കശ്മീരികൾക്കെതിരെ ശത്രുതാപരമായ അന്തരീക്ഷം നിലനിൽക്കുന്നതായി താൻ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് റൂഹുല്ല മെഹ്ദി പറഞ്ഞു. കശ്മീരികളെ സംശയത്തോടെ കാണുകയും അപമാനിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. നിയമപരമായും ഭരണഘടനാപരമായും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സ്വന്തം നാട്ടിൽ പോലും സംശയത്തിന്റെ നിഴലിൽ കഴിയേണ്ടിവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യാപകമായ പരിശോധനാ നടപടികൾ ഇതിന് ഉദാഹരണമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ വിചാരണയില്ലാതെ ആയിരക്കണക്കിന് ആളുകൾ തടവിൽ കഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവരിൽ ചിലർ ഏഴുവർഷം വരെ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിന്റെ തെക്കൻ മേഖലകളിൽനിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാതയിലൂടെയുള്ള യാത്രയിൽ കശ്മീരികൾ നേരിടുന്ന ശത്രുതാപരമായ സാഹചര്യം നേരിട്ട് കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും കശ്മീരികളെ സംശയത്തോടെ കാണുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി രൂപപ്പെടുത്തിയ ഇന്നത്തെ ഇന്ത്യയിൽ ഒരു കശ്മീരിയെ ലക്ഷ്യമിടുന്നത് എളുപ്പമായിരിക്കുന്നു. കശ്മീരിയായ ഒരാളെ ഇരയാക്കുന്നതിനൊപ്പം അവരെ ദേശവിരുദ്ധരായി മുദ്രകുത്താനും കഴിയുന്ന സാഹചര്യമാണുള്ളത് -റൂഹുല്ല മെഹ്ദി പറഞ്ഞു.
2019ലെ രാഷ്ട്രീയ-ഭരണഘടനാ മാറ്റങ്ങൾ ജമ്മു കശ്മീരും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയില്ലെന്നും പകരം ബന്ധം കൂടുതൽ വഷളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം ബിജെപിക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.