ഏഴു ദിവസത്തെ ജയിൽവാസത്തിന് ശേഷം കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് മോചനം
ന്യൂഡൽഹി: ജന്തർമന്തറിൽ അതിക്രമിച്ചുകയറി ദേശീയ പതാക വീശി പ്രതിഷേധിച്ചുവെന്ന സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെ.പി) വക്താക്കളെ മോചിപ്പിക്കാൻ ഉത്തരവ്. ഏഴു ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചിപ്പിക്കാൻ ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് ഉത്തരവിട്ടത്. സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് മോചിതരാകുന്നത്. പ്രതിഷേധ സ്ഥലമായി പ്രഖ്യാപിച്ചിരുന്ന ജന്തർമന്തറിന്റെ ഡെസ്റ്റിനേഷൻ പദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു ഇവരുടെ നടപടി.
പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ജന്തർമന്തർ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഒക്ടോബർ 13നാണ് സി.ജെ.പി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും പൂട്ടിയിട്ടിരുന്ന ഗേറ്റുകൾ ചാടിക്കടന്ന് അകത്തുകയറി ദേശീയ പതാക വീശിയത്. 10ന് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ഇവർ ഒപ്പുവെച്ച സമാധാന ബോണ്ടിന്റെ ലംഘനമായാണ് ഈ സംഭവത്തെ അധികൃതർ കണ്ടത്.
14ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നൽകി. ഒക്ടോബർ 14 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന നേതാക്കളുടെ ഏഴു ദിവസത്തെ ശിക്ഷാ കാലാവധിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
അതേസമയം, സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡൽഹി ഹൈക്കോടതി വിമർശിച്ചു.
ജന്തർ മന്തറിൽ ദേശീയപതാകയേന്തി പ്രതിഷേധിച്ച ഇരുവരും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായും സൗരവ് ദാസും അശുതോഷ് റാങ്കയും ‘ജെൻ സി’ അല്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.
അനുമതിയില്ലാതെ എന്തിനാണ് ജന്തർ മന്തറിൽ പോയതെന്ന് ഹൈക്കോടതി സി.ജെ.പി നേതാക്കളോട് ചോദിച്ചു.
തുടർന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് മറ്റ് രാജ്യങ്ങളിലെ അക്രമങ്ങളെയും തീവെപ്പുകളെയും കുറിച്ച് പരാമർശിച്ചു. "നമ്മുടെ രാജ്യത്തിന് പുറത്ത് ഇത് സംഭവിക്കുന്നത് നമ്മൾ കണ്ടതാണ്. വിദ്യാർഥി പ്രതിഷേധമായി തുടങ്ങിയ കാര്യങ്ങൾ തീവെപ്പിലേക്കും കെട്ടിടങ്ങൾ കത്തിക്കുന്നതിലേക്കും വഴിമാറുകയായിരുന്നു’ - കോടതി ചൂണ്ടക്കാട്ടി.
ജന്തർ മന്തറിൽ അതിക്രമിച്ചു കയറി പതാക വീശി ഇരുവരും രണ്ടാമതും സമാധാന ബോണ്ട് ലംഘിച്ച സാഹചര്യത്തിൽ, കൂടുതൽ കർശനമായ തെളിവുകൾ ആവശ്യപ്പെടാൻ അധികാരികൾക്ക് അവകാശമില്ലേ എന്നും കോടതി ചോദിച്ചു.
കസ്റ്റഡി നീട്ടിയ ഒക്ടോബർ 19-ലെ ഉത്തരവ് നിയമപരമായി നിലനിൽക്കാത്തതാണെന്ന് ഇരുവർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ അഭീക് ചിംനി വാദിച്ചു.
സൗരവ് ദാസിനും അശുതോഷ് റങ്കക്കും എതിരെയുളള രണ്ടാമത്തെ കേസും ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതോടെ ഈ നേതാക്കൾക്കെതിരെയുള്ള രണ്ട് കേസുകളുടെയും അന്വേഷണ ചുമതല ഇനി ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജന്തർമന്തർ മേഖലയിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട ആദ്യ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.