ആയുധപൂജയുടെ പേരിൽ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെപ്പ്; വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ വിവാദത്തിൽ
റായ്പൂർ: വിജയദശമി ദിനത്തിൽ ആയുധപൂജയുടെ ഭാഗമായി വനിത ഐപിഎസ് ഉദ്യോഗസ്ഥ എ.കെ -47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ വലിയ ചർച്ചയും വിമർശനങ്ങളും ഉയരുന്നു. ഛത്തീസ്ഗഢിലെ രാജ്നന്ദഗാവ് ജില്ലയിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങളെയും അച്ചടക്കത്തെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ ദൃശ്യങ്ങൾ ഉയർത്തിവിട്ടിരിക്കുന്നത്.
രാജ്നന്ദഗാവ് എസ്.പി അങ്കിത ശർമ്മ സാരി ധരിച്ച് എ.കെ-47 തോക്കിൽ നിന്ന് നിരവധി തവണ ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാജ്നന്ദഗാവ് സിറ്റിയിലെ പൊലീസ് ലൈൻസിൽ ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. പൊലീസിന്റെ ഔദ്യോഗിക ആയുധങ്ങളും വാഹനങ്ങളും പൂജിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രകടനം.
ഇവരെ കൂടാതെ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് കീർത്തൻ റാത്തോറും സമാനമായ രീതിയിൽ വെടിയുതിർക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. റായ്പൂർ, ബിലാസ്പൂർ, റായ്ഗഡ്, ദുർഗ്, കബർധാം, ബസ്തർ തുടങ്ങിയ മറ്റ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും പൂജക്ക് ശേഷം വെടിയുതിർക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തിൽ സർക്കാർ ഗൗരവമായി ഇടപെടൽ നടത്തുമെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ വ്യക്തമാക്കി. എന്നാൽ, സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖരും സമൂഹമാധ്യമ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.
ആയുധങ്ങളെ ആരാധിക്കുകയാണ് വേണ്ടതെന്നും വെടിവെക്കുകയല്ല ചെയ്യേണ്ടതെന്നും റിട്ട ഐ.പി.എസ് ഉദ്യോഗസ്ഥനായ ആർ.കെ വിജയ് പിടിഐയോട് പ്രതികരിച്ചു. ഇത്തരം വെടിവെപ്പുകൾ അപകടസാധ്യത വർധിപ്പിക്കുമെന്നും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആകാശത്തേക്ക് തൊടുക്കുന്ന വെടിയുണ്ടകൾ പോലും താഴേക്ക് പതിച്ച് സമീപത്തുള്ളവർക്ക് പരിക്കേൽക്കാൻ ഇടയാക്കുമെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ചൂണ്ടിക്കാണിച്ചു.
തോക്ക് കൈകാര്യം ചെയ്തതിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകളെ മുൻ ഇന്ത്യൻ ആർമി ഓഫിസർ കെ.ജെ.എസ് ധില്ലൻ രൂക്ഷമായി വിമർശിച്ചു. തോക്ക് കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാന അക്കാദമിക് നിയമങ്ങൾ പോലും ലംഘിക്കപ്പെട്ടുവെന്നും, ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവൃത്തികൾ അടിയന്തരമായി തിരുത്തപ്പെടണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ചടങ്ങുകളിൽ ശൂന്യമായ വെടിയുണ്ടകൾ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിലവിലുള്ള പതിവാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സാരി ധരിച്ച് തോക്കേന്തിയതിനെതിരെ മാത്രം ചില കോണുകളിൽ നിന്ന് അനാവശ്യമായ വിമർശനങ്ങളുയരുന്നുണ്ടെന്നും, വനിതാ ഉദ്യോഗസ്ഥയുടെ മികച്ച മുൻകാല സേവനങ്ങളെ ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ അവഗണിക്കരുതെന്നും അങ്കിത ശർമ്മയെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.