തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം: രേഖകൾ പുറത്ത്, ഉള്ളടക്കം അറിയാൻ കാത്തിരിക്കണം
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ഒഴിവാക്കി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ച രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നടപടിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. വിവാദ ഉത്തരവിനെത്തുടർന്ന് കമ്മീഷണർമാർ അയച്ച കത്തുകളുടെ ഔദ്യോഗിക വിവരങ്ങൾ വിവരാവകാശ (ആർ.ടി.ഐ) രേഖയിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 29നാണ് രാജ്യത്തെ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ രണ്ടുപേർ അസാധാരണമായ നീക്കം നടത്തിയത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയക്കുന്നതിന് പകരം അവർ നേരിട്ട് കാബിനറ്റ് സെക്രട്ടറിക്ക് കത്തയക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ പ്രധാന ഔദ്യോഗിക കേന്ദ്രമായ ‘സേവ തീർത്ഥി’ൽ (പ്രധാനമന്ത്രിയുടെ ഓഫിസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ സ്ഥിതി ചെയ്യുന്ന സമുച്ചയം) ഈ കത്തുകൾ എത്തിയതെങ്ങനെയെന്നാണ് ആർ.ടി.ഐ മറുപടി വ്യക്തമാക്കുന്നത്. സെപ്റ്റംബർ 24ന് നൽകിയ വിവരാവകാശ അപേക്ഷക്ക് ഒക്ടോബർ 19നാണ് മറുപടി ലഭിച്ചത്. കമീഷണർമാരായ സുഖ്ബീർ സിങ് സിന്ധു, വിവേക് ജോഷി എന്നിവരുടെ പേരിൽ ജൂലൈ 29ന് തയാറാക്കിയ കത്തുകൾ കാബിനറ്റ് സെക്രട്ടേറിയറ്റിൽ ലഭിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ 30ന് കത്തുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് അഞ്ചോടെ കാബിനറ്റ് സെക്രട്ടറി ഈ കത്തുകൾ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിന്റെ ഉദ്യോഗസ്ഥർക്കും മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫിസിലേക്കും കൈമാറി.
എങ്കിലും, കത്തുകളുടെ ഉള്ളടക്കം ഇനിയും പുറത്തുവിട്ടിട്ടില്ല. കമ്മീഷണർമാരുടെ 10 പേജുള്ള കത്തുകൾ, രണ്ട് പേജുള്ള മറുപടികൾ, രണ്ട് പേജുള്ള ഫയൽ നോട്ടുകൾ അടക്കം ആകെ 14 പേജുകൾ ഉള്ള രേഖകൾ 28 രൂപ ഫീസ് അടച്ചാൽ മാത്രമേ ലഭ്യമാകൂ എന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 28ലെ തൊഴിൽ-വിഭജന ഉത്തരവാണ് ഈ വിവാദങ്ങൾക്ക് ആധാരം. ഈ ഉത്തരവ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ട് കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഈ പുതിയ ഉത്തരവ് മാറ്റിവെക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് വോട്ടർപട്ടികയുടെ ഐ.ടി സംവിധാനത്തിന്റെ മേൽനോട്ടച്ചുമതലയിൽ നിന്ന് ഒരു പാളി ഒഴിവാക്കുന്നതായിരുന്നു പുതിയ മാറ്റമെന്നും, കമീഷണർമാരുടെ അറിവില്ലാതെയാണ് ഇത് നടപ്പിലാക്കിയതെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതൊരു 'സാധാരണ രീതിയേക്കാൾ തീവ്രമായ നടപടിയായാണ്' വിലയിരുത്തപ്പെട്ടത്.
എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെക്കുറിച്ചല്ല, മറിച്ച് ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഒരു മുതിർന്ന ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുമായി ബന്ധപ്പെട്ടാണ് ഈ കത്തുകൾ എന്ന് മറ്റൊരു വൃത്തം വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 26ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സംഭവത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
‘കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്ത് കമ്മീഷന്റെയോ ഐടി വിഭാഗത്തിന്റെയോ ഏതെങ്കിലും നയപരമായ കാര്യങ്ങളെക്കുറിച്ചുള്ളതല്ല. മറിച്ച്, ഇസിഐയിൽ ഡെപ്യൂൂട്ടേഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ്. രണ്ട് കമീഷണർമാരുടെ ഉത്തരവുകൾക്ക് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ജോലി പുനർവിതരണ ഉത്തരവുകൾ നടപ്പിലാക്കിയിരുന്നില്ല. ഐടി വിഭാഗത്തിന് മേലുള്ള ഡിഇസിയുടെ മേൽനോട്ടം ഒരിക്കലും പിൻവലിച്ചിട്ടുമില്ല’.
കമ്മീഷണർമാർ കൃത്യമായി എന്താണ് എഴുതിയതെന്നോ അവരുടെ യഥാർഥ പരാതി എന്താണെന്നോ ഉള്ള വിവരങ്ങൾ വിവരാവകാശ മറുപടിയിലൂടെ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, പ്രധാനമായും ചോർച്ചകളും പ്രസ് റിലീസുകളും അടിസ്ഥാനമാക്കിമാത്രം പ്രചരിച്ച ഒരു വിവാദത്തിൽ ലഭിക്കുന്ന ആദ്യത്തെ ഔദ്യോഗിക രേഖയാണിത്. കത്തുകൾ യഥാർഥത്തിൽ നിലവിലുണ്ടെന്നും, അവ എപ്പോൾ എത്തി, എങ്ങനെയെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു എന്നതിന്റെയൊക്കെ കൃത്യമായ സ്ഥിരീകരണമാണ് ഈ രേഖ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.