ന്യൂനപക്ഷങ്ങളെ സംഘ്പരിവാറിനോട് അടുപ്പിക്കുന്നത് തുടരും -മോഹൻ ഭാഗവത്

നാഗ്പൂർ: ന്യൂനപക്ഷങ്ങൾ ഒരുതരത്തിലുള്ള അപകടവും അഭിമുഖീകരിക്കുന്നില്ലെന്നും അവരെ സംഘ്പരിവാറുമായി അടുപ്പിക്കാൻ തുടക്കമിട്ട പ്രവർത്തനങ്ങൾ തുടരുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ബുധനാഴ്ച വിജയദശമി ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. മുസ്‍ലിം പ്രമുഖരുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തിയതും മുസ്‍ലിം പള്ളിയിലെത്തി പുരോഹിതനെ കണ്ടതുമായ സംഭവങ്ങൾ ചർച്ചയാവുന്നതിനിടെയാണ് ഇന്നലത്തെ പ്രസ്താവന.

ഹിന്ദുക്കൾ സംഘടിതരായതിനാൽ നിങ്ങൾ അപകടത്തിലാണെന്ന് പറഞ്ഞ് ചിലർ ന്യൂനപക്ഷങ്ങളിൽ ഭയംനിറക്കുകയാണെന്ന് ഭാഗവത് പറഞ്ഞു. അങ്ങനെയൊന്ന് കഴിഞ്ഞകാലങ്ങളിൽ സംഭവിച്ചിട്ടില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. സംഘ്പരിവാറിന്‍റെയോ ഹിന്ദുക്കളുടെയോ സ്വഭാവം അങ്ങനെയല്ല.

അത്തരം ആശങ്കകളുടെ പുറത്താണ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ചില പ്രമുഖർ ഞങ്ങളെ കാണാനെത്തിയത്. അവർ സംഘ്പരിവാർ നേതാക്കളുമായി സംസാരിച്ചു. ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും -ഭാഗവത് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് മോഹൻ ഭാഗവത് ഡൽഹിയിലെ മുസ്‍ലിം പള്ളിയിലെത്തി ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷനിലെ പ്രമുഖ പുരോഹിതനായ ഉമർ അഹമദ് ഇല്യാസിയെ കണ്ടത്. അതിനു മുമ്പ് ഡൽഹിയിലെ കേശവ് കുഞ്ചിൽ ആർ.എസ്.എസ് ആസ്ഥാനത്ത് മുസ്‍ലിം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് പ​ങ്കെടുത്തത്. മുസ്‍ലിം സമുദായത്തിനും ആർ.എസ്.എസിനുമിടയിലെ അകൽച്ച ലഘൂകരിക്കാൻ മുസ്‍ലിം നേതാക്കൾ രംഗത്തുവരണമെന്നാണ് ഭാഗവത് ഇവരോട് ആവശ്യപ്പെട്ടത്.

മുസ്‍ലിം വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചകൾക്കും സന്ദർശനങ്ങൾക്കും കഴിഞ്ഞ ഏതാനും ആഴ്ചകളായി ആർ.എസ്.എസ് പ്രാധാന്യം നൽകുന്നുണ്ട്. കീഴ്വഴക്കമില്ലാത്ത ഈ നടപടി സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണെന്നാണ് ആർ.എസ്.എസ് അവകാശപ്പെടുന്നത്. 

Tags:    
News Summary - RSS will continue its outreach to Muslims -Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.