ന്യൂഡൽഹി/ കൊൽക്കത്ത: കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബൈൽ ഗെയിമിങ് ആപ് കമ്പനിപ്രചാരകരുടെ സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയിൽ ഏഴു കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇ-നഗറ്റ്സ് എന്ന ആപ്പിന്‍റെ പ്രചാരകരുടെ ഡസനിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ആപ് പ്രചാരകൻ ആമിർ ഖാൻ അടക്കമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധന നടത്തിയതെന്ന് ഇ.ഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കലിനെതിരെ 2021 ഫെബ്രുവരിയിൽ കമ്പനിക്കും പ്രചാരകർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫെഡറൽ ബാങ്ക് അധികൃതർ കൊൽക്കത്ത കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആമിർ ഖാന്‍റെ മകൻ നിസാർ അഹ്മദ് ഖാൻ ആണ് ഇ-നഗറ്റ്സ് എന്ന പേരിൽ ഗെയിമിങ് ആപ്പ് തുടങ്ങിയതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
തുടക്കത്തിൽ ഗുണഭോക്താക്കൾക്ക് ഉയർന്ന കമീഷൻ നൽകി. ഇതോടെ ഗുണഭോക്താക്കൾ വലിയ തുക നിക്ഷേപിക്കുകയും ഉയർന്ന കമീഷനും പർച്ചേസ് ഓഡറുകളും നൽകുകയും ചെയ്തിരുന്നു. പൊതുജനങ്ങളിൽനിന്ന് വൻ തുക ലഭിച്ചതോടെ ആപ്പിൽനിന്ന് പണം പിൻവലിക്കുന്നതിന് തടസ്സം നേരിടുകയായിരുന്നു. ഈ സംഘത്തിന് ചൈനീസ് ആപ്പുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഇ.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.