സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആർ.ജെ.ഡി; അഞ്ചിടത്ത് മത്സരം ഇൻഡ്യ സഖ്യത്തിനെതിരെ

പട്ന:  ബിഹാറിൽ 143 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആർ.ജെ.ഡി. ഇതിൽ അഞ്ചിടത്ത് മത്സരം ഇൻഡ്യ മുന്നണി സ്ഥാനാർഥികൾക്കെതിരെയാണ്. അന്തിമഘട്ട പത്രിക സമപ്പണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോഴാണ് പട്ടിക പുറത്തുവിട്ടത്.

വൈശാലി, ലാൽഗഞ്ച്, കഹാൽഗാവോൺ എന്നിവടങ്ങളിൽ കോൺഗ്രസിനെതിരെയും താരാപൂർ, ഗൗര ബോറം എന്നിവിടങ്ങളിൽ വികാസ്ശീൽ ഇൻസാൻ പാർട്ടിക്കെതിരെയുമാണ് സ്വന്തം സ്ഥാനാർഥികളെ നിർത്തിയത്. തേജസ്വി യാദവ് (രഘോപുർ), അലോക് മേത്ത (ഉജിയാർപുർ), മുകേഷ് റൗഷൻ (മഹുവ), അഖ്താരുൽ ഇസ്‍ലാം ഷഹീൻ (സമസ്തിപൂർ) തുടങ്ങിയ പ്രമുഖരാണ് പട്ടികയിൽ.

21 പേർ വനിതകളാണ്. ലാലു പ്രസാദ് യാദവിന്റെ അടുത്ത സഹായി ഭോല യാദവ് ബഹദൂർപുരിൽ ജനവിധി തേടും. മുൻ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ മധേപുരയിൽ മത്സരിക്കും. ആർ.ജെ.ഡിക്ക് അധികാരമെന്നാൽ അഴിമതി എന്നാണ് എതിരാളികളുടെ ആക്ഷേപം. ആ ചീത്തപ്പേര് മാറ്റാനുള്ള ‘ഇമേജ് മെയ്ക്കോവർ’ യജ്ഞത്തിലാണ് ആർ.ജെ.ഡി എന്നാണ് റി​പ്പോർട്ട്.

ബിഹാറിൽ ആറ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

പട്ന: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം തൊട്ടടുത്തെത്തിയിട്ടും മഹാഗഡ്ബന്ധൻ സഖ്യത്തിലെ സീറ്റ് വിഭജനത്തിലെ അനിശ്ചിതത്വം തുടരുന്നു. ഇന്ന് കോൺഗ്രസ് ആറ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 60 ആയി. ഏറ്റവും പുതിയ പട്ടികയനുസരിച്ച് സുരേന്ദ്ര പ്രസാദിനെ വാൽമീകി നഗറിൽ നിന്ന് മത്സരിപ്പിക്കും. ആബിദു റഹ്മാൻ അറാറിയ മണ്ഡലത്തിൽ നിന്നും ജലീൽ മസ്താൻ അമൂറിൽ നിന്നും ജനവിധി തേടും. തൗഖീർ ആലം(ബരാരി), പ്രവീൺ സിങ് കുശ്‍വാഹ(കഹൽഗാവോൺ), വിനോദ് ചൗധരി(സിക്കന്ത്ര)എന്നിവരും പുതിയ പട്ടികയിലുണ്ട്. കോൺഗ്രസിന്റെ നാലാംഘട്ട സ്ഥാനാർഥി പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ആർ.ജെ.ഡിയുമായും മറ്റ് സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം അനന്തമായി നീണ്ടതോടെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാംഘട്ടത്തിലേക്ക് തിങ്കളാഴ്ച മൂന്ന് മണിക്കകം നാമനിർദേശ പത്രിക സമർപ്പിക്കണം. പാർട്ടി ചിഹ്നങ്ങൾ വിതരണം ചെയ്യാനുള്ള തിരക്കിലാണ് ആർ.ജെ.ഡിയും കോൺ​ഗ്രസും.

വ്യാഴാഴ്ച 48 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺ​ഗ്രസ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഘട്ടംഘട്ടമായി കുറച്ചു സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുകയുണ്ടായി.

നവംബർ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - RJD fields 143 candidates for Bihar polls amid Mahagathbandhan seat-sharing rift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.