തുരുമ്പെടുത്ത പാലത്തിൽ നിരവധി പേർ ഒന്നിച്ചെത്തിയതാണ് അപകടകാരണം; ഉപമുഖ്യമന്ത്രി അജിത് പവാർ

പൂനെ: പൂനെയിലെ പാലം തകർന്ന് രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി മഹാരാഷ്ട്ര അജിത് പവാർ. ഇന്ദ്രയാനി പാലം തുരുമ്പു പിടിച്ചതായിരുന്നുവെന്നും അതിനുമുകളിൽ നിരവധി പേർ കയറിയതാകാം അപകട കാരണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് നിരവധി കാര്യങ്ങളാണ് അറിയുന്നത്. പ്രാഥമിക വിവരമനുസരിച്ച് പാലം പഴയതും തുരുമ്പു പിടിച്ചതുമാണ്. തകർന്നുവീഴുന്ന സമയത്ത് അതിനുമുകളിൽ കുറേ പേർ ഉണ്ടായിരുന്നു. നദിക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിനാവശ്യമായ അനുമതി നൽകിയതായും അജിത് പവാർ പറഞ്ഞു.

38 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നും 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആറ് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പൂനെ ജില്ലാ കലക്ടർ ജിതേന്ദ്ര ദുദി പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് എത്രപേർ പാലത്തിൽ ഉണ്ടായിരുന്നുവെന്നോ ഒലിച്ചുപോയെന്നോ ഉള്ളതിനെക്കുറിച്ചുള്ള വിവരം ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ പെട്ടവർക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്വനാവിസ് പറഞ്ഞു.

പുനെയിൽ ഇന്ദ്രയാനി നദിക്കു കുറുകെ സ്ഥിതി ചെയ്തിരുന്ന പാലം തകർന്ന് വീണുരണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.