ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള മാനസികമായ ക്രൂരത - മദ്രാസ് ഹൈകോടതി

ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റിയത് ഭർത്താവിനോട് മാനസികമായി ക്രൂരതകാണിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നൽകി മദ്രാസ് ഹൈകോടതി. വി.എം. വേലുമണി, എസ്. സൗന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കൽ കോളജിലെ പ്രഫസർ സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2016 ജൂൺ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. അതിനെതിരായി സി. ശിവകുമാർ നൽകിയ അപ്പീലിലാണ് വിധി.

ഭർത്താവുമായി അകന്നു കഴിഞ്ഞപ്പോൾ താലി ചെയിൻ അഴിച്ചുമാറ്റിയെന്ന് ഭാര്യ കോടതിയിൽ അറിയിച്ചു. ചെയിൻ മാത്രമാണ് മാറ്റിയതെനും താലി ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഭാര്യ വിശദീകരിച്ചത്. എന്നാൽ അഴിച്ചുമാറ്റിയതിന് അതിന്റെതായ പ്രധാന്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹിന്ദു മാരേജ് ആക്ടിലെ സെക്ഷൻ ഏഴ് പ്രകാരം താലികെട്ടുക എന്നത് നിർബന്ധമല്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനാൽ താലി അഴിച്ചുമാറ്റി എന്നത് ശരിയാണെന്ന് കരുതിയാലും അത് വിവാഹ ബന്ധ​ത്തെ ബാധിക്കില്ലെന്നും വാദിച്ചു.

എന്നാൽ ലോകത്ത് നടക്കുന്ന വിവാഹങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ആചാരമാണ് താലികെട്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ഹിന്ദു സ്ത്രീയും താലയി അഴിച്ചു മാറ്റില്ലെന്നത് അറിയാവുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ കഴുത്തിലുള്ള താലി അവരുടെ വൈവാഹിക ജീവിതത്തിന്റെ തുടർച്ചയാണ് കാണിക്കുന്നത്. ഭർത്താവിന്റെ മരണത്തോടെ മാത്രമേ താലി അഴിച്ചുമാറ്റുകയുള്ളു. അതിനാൽ താലി അഴിച്ചു മാറ്റിയ പെറ്റീഷനറുടെ നടപടി ഭർത്താവിനോടുള്ള മാനസികമായ ക്രൂരതയുടെ ഏറ്റവും ഉന്നതാവസ്ഥയാണ്. അത് ഭർത്താവിനെ വേദനിപ്പിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ​ചെയ്തുവെന്നും ബെഞ്ച് നിരീക്ഷിച്ചു.

വിവാഹബന്ധം അവസാനിപ്പിക്കാൻ താലി നീക്കം ചെയ്താൽ മതിയെന്ന് പറയുന്നില്ല. എന്നാൽ ഈ പ്രവൃത്തി അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നിഗമനത്തിലെത്തുന്നതിനുള്ള തെളിവാണ്. രേഖകളിൽ ലഭ്യമായ മറ്റ് തെളിവുകൾക്കൊപ്പം, കക്ഷികൾക്ക് അനുരഞ്ജനത്തിനും ദാമ്പത്യബന്ധം തുടരാനും ഉദ്ദേശ്യമില്ല എന്ന നിഗമനത്തിലെത്താൻ ഇത് പ്രേരിപ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Removal Of Mangalsutra By Wife Mental Cruelty Of Highest Order: Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.