ജമ്മുവിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി ഉമർ അബ്ദുല്ല
ശ്രീനഗർ: ഡൽഹി സ്‌ഫോടനത്തിൽ ഉൾപ്പെട്ടവരെ കർശനമായി ശിക്ഷിക്കണമെന്നും എന്നാൽ നിരപരാധികളെ ഒഴിവാക്കണമെന്നും പറഞ്ഞുകൊണ്ട് എല്ലാ കശ്മീരികളെയും തീവ്രവാദികളായി മുദ്രകുത്തരുതെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മുന്നറിയിപ്പ് നൽകി.
തീവ്രവാദ പ്രവർത്തനങ്ങളിൽ ചില പ്രാദേശിക ഡോക്ടർമാർ ഉൾപ്പെട്ടുവെന്നാരോപിച്ച് താഴ്‌വരയിലുടനീളം നടന്ന നടപടിക്കിടെ നൂറുകണക്കിന് ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ചെങ്കോട്ടക്ക് സമീപമുള്ള സ്‌ഫോടനത്തെ അപലപിച്ച ഉമർ, മേഖലയിലെ സമാധാനവും സാഹോദര്യവും നശിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തവർ ചുരുക്കം ചിലർ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത്രയും നിഷ്കരുണം ആളുകളെ കൊല്ലുന്നത് ഒരു മതത്തിനും ലക്ഷ്യത്തിനും ന്യായീകരിക്കാൻ കഴിയില്ല. അന്വേഷണം തുടരും. പക്ഷേ, ഒരു കാര്യം ഓർമിക്കണം. ജമ്മു കശ്മീരിലെ ഓരോ നിവാസിയും തീവ്രവാദികളോ തീവ്രവാദികളുമായി ബന്ധപ്പെട്ടവരോ അല്ല. നിർഭാഗ്യവശാൽ ജമ്മു കശ്മീർ നിവാസികളെയും ഓരോ കശ്മീരി മുസ്‍ലിമിനെയും ഒരൊറ്റ പ്രത്യയശാസ്ത്രത്തോടെ നോക്കുമ്പോൾ, അവരിൽ ഓരോരുത്തരും ഒരു തീവ്രവാദിയാണെന്ന് കരുതുമ്പോൾ ജനങ്ങളെ ശരിയായ പാതയിൽ നിർത്തുക എന്നത് ബുദ്ധിമുട്ടാണ്’. സ്ഫോടനത്തിലേക്ക് നയിച്ച സുരക്ഷാ പരാജയത്തെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു.
ഭീകരാക്രമണത്തിൽ ഡോക്ടർമാരുടെ പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ, അതിൽ പുതിയതായി ഒന്നുമില്ലെന്നായിരുന്നു ഉമറിന്റെ മറുപടി. ഇതിനു മുമ്പ് നമ്മൾ സർവകലാശാലകളിലെ പ്രഫസർമാരെ കണ്ടിട്ടില്ലേ? കശ്മീർ സർവകലാശാലയിലെ ഒരു അസോസിയേറ്റ് പ്രൊഫസർ അങ്ങനെയൊരാളാണ് എന്നാണ് എന്റെ ഓർമ. അയാൾ 2018 ൽ കൊല്ലപ്പെട്ടു. വിദ്യാസമ്പന്നരായ ആളുകൾ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്? അവർ അങ്ങനെ ചെയ്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയരായ ഡോക്ടർമാരിൽ ഒരാളെ പിരിച്ചുവിട്ടെങ്കിലും തുടർനടപടികളോ പ്രോസിക്യൂഷനോ ഉണ്ടായിട്ടില്ലാത്തതിൽ തനിക്ക് അൽഭുതമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവിസിൽ നിന്ന് പുറത്താക്കിയത് കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. ഭീകരതയിൽ അയാൾക്ക് പങ്കുണ്ടെന്ന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.