ചെങ്കോട്ട സ്ഫോടനത്തിന് ഒരാണ്ട്; ഉണങ്ങാത്ത മുറിവുകളുമായി ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ

ന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ ഭീകര സ്ഫോടനത്തിന് ഒരാണ്ട് പിന്നിടുമ്പോഴും ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ജീവിതം പഴയ നിലയിലായിട്ടില്ല. പ്രിയപ്പെട്ടവരുടെ വേർപാടും സാമ്പത്തിക പ്രതിസന്ധിയും നീതി ലഭിക്കുമോയെന്ന ആശങ്കയുമായി കഴിയുകയാണ് പല കുടുംബങ്ങളും. 2025 നവംബർ 10നുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റവരും മരിച്ചവരുടെ കുടുംബങ്ങളും ഇന്നും ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് മുക്തരായിട്ടില്ല. ചില കുടുംബങ്ങൾ ഉപജീവനമാർഗം നഷ്ടപ്പെട്ടതോടെ ഡൽഹി വിട്ട് മറ്റു ഗ്രാമങ്ങളിലേക്ക് മടങ്ങി. മറ്റുചിലർ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കഷ്ടപ്പാടിലാണ്. മരിച്ചവരിൽ പലരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.

സ്ഫോടനമുണ്ടായ വാഹനത്തിൽ ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടർ ഉമർ-ഉൻ-നബിയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചനയിലും ആക്രമണത്തിന് സഹായം നൽകിയതിലും പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറോടെ 11 പേരെ അറസ്റ്റ് ചെയ്തു.

സ്ഫോടനത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെവിയുടെ കേൾവിശക്തി നഷ്ടപ്പെടുകയും ചെയ്ത 27കാരനായ അങ്കുഷ് ശർമ ഇപ്പോഴും ചികിത്സയിലാണ്. ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പരിക്കേറ്റ ഇയാൾക്ക് രണ്ടോ മൂന്നോ ശസ്ത്രക്രിയകൾ കൂടി ചെയ്യാൻ ബാക്കിയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാക്കളെ നഷ്ടപ്പെട്ടതോടെ പല വീടുകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കു മാത്രമല്ല, അതിൽനിന്ന് രക്ഷപ്പെട്ടവർക്കും ജീവിതം പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനായിട്ടില്ല. ശാരീരിക പരിക്കുകൾക്കും ചികിത്സാചെലവുകൾക്കും പുറമെ സാമ്പത്തിക പ്രതിസന്ധിയും മാനസികാഘാതവും ഇവരെ പിന്തുടരുന്നു. ഒരാണ്ട് പിന്നിട്ടിട്ടും ദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുകയാണ് ഈ കുടുംബങ്ങൾ.

Tags:    
News Summary - Red Fort Blast Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.