എസ്.ഐ.ആർ കരട് പട്ടിക: മഹാരാഷ്ട്രയിൽ 2.07 കോടി പേർ പുറത്ത്
മുംബൈ: മഹാരാഷ്ട്രയിൽ എസ്.ഐ.ആറിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കരട് വോട്ടർ പട്ടികയിൽനിന്ന് 2.07 കോടി പേർ പുറത്ത്. പുറത്തായവരിൽ 83 ശതമാനവും സ്ഥലംമാറ്റം, കണ്ടെത്താനായില്ല തുടങ്ങി മരണമല്ലാത്ത മറ്റ് കാരണങ്ങളാൽ പുറത്തായവരാണ്. ശൈഖ് (7.54 ലക്ഷം), പാട്ടീൽ (4.84), ഖാൻ (3.69), പവാർ (2.75) തുടങ്ങി ജാതി, കുടുംബ പേരുകളിലുള്ളവരാണ് പുറത്തായവരിൽ ഏറെയുമെന്ന് മറാത്തി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ 288ൽ 190 നിയമസഭ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് എന്നതാണ് പൊതുനയ ഗവേഷണ സ്ഥാപനമായ ‘സബർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ കണ്ടെത്തൽ.
ബി.ജെ.പി സഖ്യത്തിന് കൂറ്റൻ വിജയം നൽകിയ 2024ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് സമയത്തിനുശേഷം വലിയ തോതിൽ വോട്ട് രേഖപ്പെടുത്തപ്പെട്ടത് ദുരൂഹമായി തുടരുന്നതിനിടെയാണ് ഈ കണ്ടെത്തൽ. മുംബൈ നഗരത്തിലെ മണ്ഡലങ്ങളിൽനിന്ന് മൂന്നിലൊന്ന് വോട്ടർമാർ നീക്കംചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സ്പീക്കർ ബി.ജെ.പിയിലെ രാഹുൽ നർവേക്കർ ജയിച്ച കൊളാബ മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ വോട്ടു ചെയ്തതിനേക്കാൾ ഏറെ വോട്ടർമാരാണ് (1.2 ലക്ഷത്തോളം) പുറത്തായത്.
അതേസമയം, പുറത്തായവർക്ക് പേരുചേർക്കാൻ വീണ്ടും അവസരം നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. പുറത്തുവിട്ടത് അന്തിമ വോട്ടർ പട്ടികയല്ലെന്നും കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.