48 മണിക്കൂർ ജയിലിലായാൽ സ്വാഭാവിക സസ്പെൻഷർ; സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേക ഉത്തരവ് വേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: അറസ്റ്റിലാവുകയും പിന്നീട് 48 മണിക്കൂറിലേറെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയും ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ സ്വാഭാവികമായും സസ്പെൻഷനിലാണെന്ന് കണക്കാക്കാമെന്നും അതിനായി പ്രത്യേകം ഉത്തരവ് നൽകേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മൻമോഹനും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. അഴിമതി നിരോധന നിയമത്തിന് കീഴിൽ ബിഹാറിൽ കൈക്കൂലിക്കേസിൽ പ്രതിയായി കസ്റ്റഡിയിൽ കഴിഞ്ഞ സമസ്തിപൂരിലെ സദർ ആശുപത്രി മാനേജർക്ക് സെഷൻസ് കോടതി അനുവദിച്ച ജാമ്യം പിന്നീട് ഹൈകോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്താണ് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇയാൾ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു.
ഹൈകോടതി ഉത്തരവ് റദ്ദാക്കി, സെഷൻസ് കോടതി അനുവദിച്ച ജാമ്യം പുനഃസ്ഥാപിച്ചെങ്കിലും ആശുപത്രി മാനേജറെ അതേ ആശുപത്രിയിൽ അതേ പദവിയിൽ തിരിച്ചെടുത്ത നടപടിയിൽ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.
ശമ്പളത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിച്ചു കൊടുക്കാൻ 4,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസിന് ആധാരമായ സംഭവം. അഴിമതി നിരോധന നിയമത്തിന്റെ സെക്ഷൻ ഏഴ് (ബി) പ്രകാരം അറസ്റ്റിലായ മാനേജർക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരന്റെ അപ്പീലിൽ പട്ന ഹൈകോടതി അയാളുടെ ജാമ്യം റദ്ദാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയത് തുച്ഛമായ തുകയാണെന്ന നിരീക്ഷണത്തിൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ച ഉത്തരവാണ് പരമോന്നത കോടതി ശരിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.