ഒഡിഷയിലും ബംഗാളിലും ബി.ജെ.പിക്ക് വിമത സ്ഥാനാർഥികൾ

ഭുവനേശ്വർ/കൊൽക്കത്ത: കഴിഞ്ഞ ദിവസത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയിൽ വിമത ശല്യം. ഒഡിഷയിലെ ബാലസോറിലും പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലും ബി.ജെ.പി നേതാക്കൾ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തി.

മുതിർന്ന നേതാവും മൂന്നുവട്ടം എം.പിയുമായിരുന്ന ഖരബേല സ്വയ്നാണ് ബാലസോറിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. സിറ്റിങ് എം.പി പ്രതാപ് ചന്ദ്ര സാരംഗിയെ വീണ്ടും മത്സരിപ്പിക്കുന്നതാണ് ഖരബേലയെ ചൊടിപ്പിച്ചത്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ ബി.ജെ.പിയിൽ ചേരുമെന്നും ആർ.എസ്.എസ് പ്രവർത്തകരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽനിന്ന് രാജിവെക്കില്ലെന്നും തന്നെ പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് നിഷേധിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ തെരഞ്ഞെടുപ്പിന് ശേഷം വെളിപ്പെടുത്തുമെന്നും ബി.ജെ.പി മുൻ എം.പി പറഞ്ഞു. 1998ലും 1999ലും 2004ലും ബാലസോറിലെ എം.പിയായിരുന്നു ഖരബേല സ്വയ്ൻ.

ഡാർജിലിങ്ങിൽ ‘മണ്ണിന്റെ മക്കൾ’ വാദമുയർത്തിയാണ് കുർസേയോങ് എം.എൽ.എയും ബി.ജെ.പി നേതാവുമായ ബിഷ്ണു പ്രസാദ് ശർമ സ്വതന്ത്രവേഷത്തിലെത്തുന്നത്. സിറ്റിങ് എം.പി രാജു ബിസ്തയാണ് ഡാർജിലിങ്ങിലെ ബി.ജെ.പി സ്ഥാനാർഥി. തുടർച്ചയായി നാലാമത്തെ തെരഞ്ഞെടുപ്പിലാണ് ഡാർജിലിങ്ങിന് പുറത്തുള്ളയാൾ പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നതെന്ന് ബിഷ്ണു പ്രസാദ് ആരോപിക്കുന്നു.

പുറംനാട്ടിലുള്ളവർക്ക് ഇവിടത്തെ ജനതയുടെ യഥാർഥ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയില്ലെന്നും എം.എൽ.എ പറഞ്ഞു. 2009 മുതൽ ഡാർജിലിങ് കുന്നുകളിൽ ബി.ജെ.പിയാണ് ലോക്സഭയിലേക്ക് ജയിക്കുന്നത്. പ്രത്യേക ഗൂർഖ സംസ്ഥാനം വേണമെന്ന വാദക്കാരനാണ് ബിഷ്ണു പ്രസാദ്. രാജു ബിസ്തയെ വീണ്ടും മത്സരിപ്പിക്കുന്നത് ഒറ്റക്കെട്ടായ തീരുമാനമാണെന്നും അദ്ദേഹം വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ബിഷ്ണു ശർമ സ്വതന്ത്രനായി മത്സരിക്കുന്നതിനെ കുറിച്ച് പാർട്ടി വക്താവ് പ്രതികരിച്ചില്ല.

Tags:    
News Summary - Rebel Trouble For BJP In Odisha and west bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.